▪️ കുടിലില്‍ ജോര്‍ജ്ജ് സ്മാരകത്തിലെ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ മ്യൂറല്‍ ആര്‍ട്ട് കലാകാരന്മാരുടെ ചിത്രരചന മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിക്കുന്നു
ചെങ്ങന്നൂര്‍ ▪️ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രക്തസാക്ഷിത്വം വരിച്ച ചെങ്ങന്നൂരിന്റെ സമരഭടന്‍ കുടിലില്‍ ജോര്‍ജ്ജിന്റെ സ്മാരകത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രം വരച്ചു ചേര്‍ക്കുന്നു.
നിര്‍മ്മാണം അവസാന ഘട്ടത്തിലുള്ള സ്മാരകത്തില്‍ മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശപ്രകാരം ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ മ്യൂറല്‍ ആര്‍ട്ട് വിഭാഗത്തിന്റെ തലവന്‍ പ്രശസ്ത ചിത്രകാരന്‍ സുരേഷ് മുതുകുളത്തിന്റെ നേതൃത്വത്തിലാണ് ചിത്ര രചന.
സ്മാരകത്തില്‍ വരയ്ക്കുന്ന ഫ്രീഡം ട്രീയിലെ ഇലകളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെയും പോരാളികളുടെയും ചിത്രങ്ങളുമാണുള്ളത്. കൂടാതെ സന്ദര്‍ശര്‍ക്ക് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ഇവിടെ കുറിക്കാം.
വത്തിക്കാന്‍ ഹാളില്‍ സ്ഥാപിച്ച ലാസ്റ്റ് സപ്പര്‍, യു എന്‍ അസംബ്‌ളി ഹാളില്‍ സ്ഥാപിച്ച ശിവന്റെ പ്രദോഷ നൃത്തം തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ ചിത്രങ്ങള്‍ സുരേഷ് വരച്ചിട്ടുണ്ട്.
സുരേഷ് മുതുകളത്തിന്റെ നേതൃത്വത്തില്‍ ചിത്രകാരന്മാരായ അഭിലാഷ്, ജയകൃഷ്ണന്‍, ബാല മുരളി, ശ്രീക്കുട്ടന്‍ നായര്‍, പ്രേംദാസ് എന്നിവരും ചേര്‍ന്നാണ് ചിത്ര രചന പൂര്‍ത്തിയാക്കുന്നത്.
സാംസ്‌കാരിക വകുപ്പ് 33.6 ലക്ഷം രൂപ ചിലവഴിച്ചാണ് ചെങ്ങന്നൂര്‍ ബസ് സ്റ്റാന്‍ഡിനു പടിഞ്ഞാറു ഭാഗത്ത് ഒന്നേ കാല്‍ സെന്റ് സ്ഥലത്ത് 387 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് സ്മൃതികുടീരം നിര്‍മ്മിക്കുന്നത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ആലപ്പുഴ ഡിവിഷന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തുന്നത്.