പാലക്കാട് ▪️ സംസ്ഥാനസര്‍ക്കാരിന്റെ പുതിയ വ്യവസായനയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സ്വകാര്യ വ്യവസായ എസ്‌റ്റേറ്റുകളില്‍ ആദ്യത്തേത് കഞ്ചിക്കോട് വ്യവസായമേഖലയില്‍ ഒരുങ്ങുന്നു.
കനാല്‍പ്പിരിവില്‍ ദേശീയപാതയോരത്ത് ഫെതര്‍ ലൈക്ക് ഫോം എന്ന പേരില്‍ ആരംഭിക്കുന്ന പാര്‍ക്കാണ് ആദ്യത്തേത്.
സംസ്ഥാനത്ത് പതിനഞ്ചോളം സ്വകാര്യ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ ആദ്യത്തേതാണ് കഞ്ചിക്കോട് ഒരുങ്ങുന്നത്. ഈ മാസം 13ന് പാര്‍ക്ക് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
15 ഏക്കറിലെ വ്യവസായപാര്‍ക്കില്‍ അഞ്ച് ഉത്പാദന യൂണിറ്റുകളാണുണ്ടാവുക. 250 കോടി രൂപ നിക്ഷേപത്തില്‍ ഒരുങ്ങുന്ന പാര്‍ക്കില്‍ ആയിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
അഞ്ച് യൂണിറ്റുകളും കമ്പനിയുടെ ഉടമസ്ഥതയില്‍ത്തന്നെയാണ് തുടങ്ങുകയെന്ന് കമ്പനി ഡയറക്ടര്‍ കെ.എം ഖാലിദ്, കെ.എം ഷംസുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
എക്‌സ്പാന്‍ഡഡ് പോളി എത്തലിന്‍ ഫോം നിര്‍മ്മാണ യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്യും. കിടക്ക നിര്‍മാണത്തിനും സീലിങ്ങിനും പാക്കിങ് ആവശ്യത്തിനും ഉപയോഗിക്കുന്നതാണിത്. രണ്ടാമത്തെ യൂണിറ്റിന്റെ തറക്കല്ലിടലും മന്ത്രി നിര്‍വഹിക്കും.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ ചെറുകിടവ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ. നിസറുദ്ദീന്‍ അധ്യക്ഷനാവും. മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.