ദില്ലി: സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി. അഞ്ചില്‍ നാല് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവച്ചു.
ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ നാല് ജഡ്ജിമാരാണ് സാമ്പത്തിക സംവരണത്തെ അനുകൂലിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.
സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല, എന്നാല്‍ ചിലരെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭട്ട് അറിയിച്ചു.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ എത്തിയത്.
സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം.
ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകളടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന മുന്നോക്ക സമുദായ മുന്നണി ഉള്‍പ്പെടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.