കൊച്ചി ▪️നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക നീക്കവുമായി അതിജീവിത.
അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയില്‍ ഹര്‍ജി നല്കി.
അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ നേരത്തെ അതിജീവിത കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
താന്‍ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതല്‍ സ്വീകരിച്ച നടി ഇപ്പോള്‍ അന്തിമവാദം തുറന്ന കോടതിയില്‍ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിന് വലിയ മാനങ്ങളുണ്ട്.
സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിന്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്.
എന്നാല്‍ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയട്ടെ ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.