
ചെങ്ങന്നൂര്‍▪️ ആരോഗ്യ മേഖലയില്‍ പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് ആധുനിക രീതിയിലുള്ള ആശുപത്രികള്‍ യഥാര്‍ത്ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കരയില്‍ പുതിയതായി നിര്‍മ്മിച്ച കുടുംബാരോഗ്യ കേന്ദ്രവും ലാബും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളുടെ വികസനത്തിന് സാമ്പത്തിക തടസ്സം ഉണ്ടായപ്പോള്‍ കിഫ്ബിയിലൂടെയാണ് ഉയര്‍ന്നു തുകകള്‍ ചിലവഴിച്ച് കെട്ടിടങ്ങളും സൗകര്യങ്ങളും നിര്‍മ്മിക്കുന്നത്. ആര്‍ദ്രം പദ്ധതിയിലൂടെ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ കേന്ദ്രങ്ങളാക്കി ആധുനിക നിലവാരത്തില്‍ ഉയര്‍ത്തിയെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി.
നൂറു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ജില്ലാ ആശുപത്രിയും താലൂക്ക് ആയുര്‍വേദ ആശുപത്രിയും ഉള്‍പ്പെടെ ചെങ്ങന്നൂരിലെ എല്ലാ സര്‍ക്കാന്‍ ആശുപത്രികള്‍ക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
ജില്ല ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും ആറു മാസത്തിനുള്ളില്‍ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
എന്‍എച്ച്എം ഡിപിഎം കോശി സി. പണിക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തി.
ഡിഎംഒ ഡോ. ജമുന വര്‍ഗ്ഗീസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, പഞ്ചായത്ത് പ്രസിഡന്റ് പി.വി സജന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് സുനിത, ബീന ബിജു, വത്സല മോഹന്‍, മനു തെക്കേടത്ത്, കെ.ആര്‍ രാജ്കുമാര്‍, ഗീത സുരേന്ദ്രന്‍, നിഷ ടി. നായര്‍, ഷാജി കുതിരവട്ടം, ഹരികുമാര്‍ മൂരിത്തിട്ട, സജി വെള്ളവന്താനം, റെജി ആങ്ങയില്‍, മോന്‍സി കുതിരവട്ടം എന്നിവര്‍ സംസാരിച്ചു.