
കൊച്ചി▪️ സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം അസാധാരണ തലത്തിലേക്ക്.
എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നു. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, വിമത വിഭാഗം ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു.
കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് ഏഴ് വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും ഒരു വൈദികന്‍ ഏകീകൃത കുര്‍ബാനയും അര്‍പ്പിക്കുകയായിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ ആന്റിണി പൂതവേലില്‍ ആണ് ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നത്.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പള്ളിക്കകത്ത് കനത്ത പൊലീസ് കാവലുണ്ട്. പ്രതിഷേധം തുടരുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കി.
എന്താണ് നിലവിലെ കുര്‍ബാന ഏകീകരണ തര്‍ക്കം
1999ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം.
കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്.
എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളില്‍ ജനാഭിമുഖ കുര്‍ബനയാണ് നിലനില്‍ക്കുന്നത്. കുര്‍ബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അര്‍പ്പിക്കുന്ന രീതിയിലാണ് തര്‍ക്കം.
എതിര്‍ക്കുന്നവരുടെ വാദങ്ങള്‍
1.അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത്.
2.അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്
3.കുര്‍ബാന രീതി മാറ്റാന്‍ മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്
4.നവംബര്‍ 28ന് തന്നെ സാധ്യമായ ഇടങ്ങളില്‍ പുതിയ രീതി നടപ്പാക്കണം എന്ന് പറയുന്നത് ദുരുദ്ദേശപരമാണ്.