ജോര്‍ജിയ അണ്ടര്‍ 21 ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടിന് കിരീടം. ഫൈനലില്‍ സ്‌പെയ്‌നിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്.
ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ പിറന്നത്. കര്‍ട്ടിസ് ജോണ്‍സായിരുന്നു ഇംഗ്ലണ്ടിനായി ?ഗോള്‍ നേടിയത്.
രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ സ്‌പെയ്‌നിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കാന്‍ കഴിയാതെ പോയതോടെയാണ് ഇംഗ്ലണ്ട് വിജയം ആഘോഷിച്ചത്. ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജെയിംസ് ട്രാഫോര്‍ഡ് ഒരു മികച്ച സേവിലൂടെയാണ് സ്‌പെയ്‌നിന്റെ പെനാല്‍റ്റി തടഞ്ഞത്. ഇത് മൂന്നാം തവണയാണ് ഇംഗ്ലണ്ട് അണ്ടര്‍ 21 ലോകകിരീടം സ്വന്തമാക്കുന്നത്.
ലോകകപ്പില്‍ തോല്‍വി അറിയാതെ ആയിരുന്നു ഇംഗ്ലണ്ടിന്റെ മുന്നേറ്റം. കളിച്ച ആറ് മത്സരങ്ങളിലും ഇംഗ്ലണ്ട് ജയിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഒരു ടീം ലോകകപ്പ് ജയിക്കുന്നത്. ഫൈനല്‍ ഇംഗ്ലണ്ട് ജയിച്ചെങ്കിലും 65 ശതമാനം സമയത്തും പന്ത് കൈവശം വെച്ചത് സ്‌പെയിന്‍ ആയിരുന്നു.