ഡല്‍ഹി ▪️ ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
2017ലെ നിയമ ഭേദഗതി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാക്കിയ നിയമ ഭേദഗതിയാണ് സുപ്രീം കോടതിയുടെ പരിശോധനയ്ക്ക് വിധേയമായത്. ബോണ്ടുകള്‍ക്ക് അംഗീകാരം നല്‍കിയ 2017ലെ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ വിധി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ 2017ലെ സാമ്പത്തിക നിയമ ഭേദഗതി, ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, സിപിഐഎം, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.
ഭേദഗതി നിയമം സാമ്പത്തിക നിയമമായി പരിഗണിച്ചത് നിയമ വിരുദ്ധമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണത്തിന് സുതാര്യതയില്ല. ഫണ്ട് നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന നിയമം നിയമ വിരുദ്ധമാണ്.
ഇത് വോട്ടര്‍മാരുടെ അറിയാനുള്ള അവകാശം ഹനിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതാണ് കോടതി അംഗീകരിച്ചത്.
ശരിയായ മാര്‍ഗ്ഗത്തിലൂടെ ഫണ്ട് ശേഖരണം ഉറപ്പാക്കാനാണ് നിയമ ഭേദഗതിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. ഫണ്ട് നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സര്‍ക്കാര്‍ വാദിച്ചു.
ദാതാക്കളുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മാത്രം അറിഞ്ഞാല്‍ മതിയോ പ്രതിപക്ഷം അറിയേണ്ടതില്ലേ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച തിരഞ്ഞെടുപ്പ് ഫണ്ടിന്റെ വിവരങ്ങള്‍ വാദത്തിനിടെ സുപ്രീം കോടതി തേടിയിരുന്നു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ സുപ്രീം കോടതിക്ക് നല്‍കിയിട്ടുണ്ട്. സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ എസ്ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നില്ല. എന്നാല്‍ സംഭാവന നല്‍കിയവരുടെ എണ്ണത്തെക്കുറിച്ച് അറിയണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡോ. ഡി.വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം.