ചെങ്ങന്നൂര്‍ ▪️ കാല്‍പന്ത് കളിയിലെ ചരിത്രം തിരുത്തി അച്ഛന്റെ പരിശീലനത്തില്‍ മകനു പിന്നാലെ മകളും കേരളത്തിനു വേണ്ടി ബൂട്ടണിയുന്നു.
പെരിങ്ങാല റോയി ഭവനത്തില്‍ എബി ഐസക്-ജിന്‍സി ദമ്പതിമാരുടെ മകള്‍ എബ്‌സി എബി ഐസക് (15) ആണ് കേരള വനിതാ ജൂനിയര്‍ ടീമിനു വേണ്ടി ബൂട്ടണിയുന്നത്.
13 വയസ്സില്‍ താഴെയുള്ളവരുടെ ഇന്ത്യന്‍ ടീമിലെ അംഗമായ മകന്‍ ഹെയ്ഡന്‍ എബി ഐസകിന്റെ പിന്നാലെ ഒഡീഷയിലെ ഭൂവനേശ്വറില്‍ 21 മുതല്‍ നടക്കുന്ന ദേശീയ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മകള്‍ എബ്‌സിയും കളത്തിലിറങ്ങുന്നത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ എബ്‌സി കണ്ണൂര്‍ ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് പഠിക്കുന്നത്.
സംസ്ഥാന ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ മത്സരത്തിനായുള്ള ആലപ്പുഴ ജില്ലാ ടീമിന്റെ പരിശീലകനും എബി ഐസക്കായിരുന്നു.
ഈ ടീമില്‍ സെന്റര്‍ മിഡ് ഫീല്‍ഡ് കളിച്ചിരുന്ന എബ്‌സി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. കരുത്തരായ കോഴിക്കോടിനെ 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ പിടിച്ചു നിര്‍ത്തിയ മത്സരത്തില്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായി എബ്‌സി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ടൂര്‍ണമെന്റിലെ മികവാണ് സംസ്ഥാന ടീമിലേക്കുള്ള വഴി തുറന്നത്. 22 അംഗ ടീമിന്റെ പരിശീലനം ഇപ്പോള്‍ കാസര്‍കോട് തൃക്കരിപ്പൂരില്‍ നടന്നു വരികയാണ്.
എബ്‌സിയുടെ സഹോദരന്‍ ഹെയ്ഡന്‍ എബി ഐസക് 13 വയസില്‍ താഴെയുള്ളവര്‍ക്കായി അടുത്തിടെ സ്വീഡനിലെ ഗോഥന്‍ ബര്‍ഗില്‍ നടന്ന ഗോഥിയ കപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധാനം ചെയ്തിരുന്നു.
ഗോഥിയ കപ്പിനു ശേഷം മടങ്ങിവന്ന സഹോദരന്‍ ഹെയ്ഡന്‍ ജില്ലാ ടീമിലെ അംഗമാണ്. പെണ്ണുക്കര ഗവ. യു.പി സ്‌കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ചെങ്ങന്നൂര്‍ ഗോള്‍ഡന്‍ ബൂട്ട് ഫുട്‌ബോള്‍ അക്കാദമിയിലൂടെ അച്ഛന്‍ എബി ഐസക്കിന്റെ ശിക്ഷണത്തിലാണ് ഇരുവരും കാല്‍പ്പന്തുകളിയിലേക്ക് കാലെടുത്തു വെച്ചത്. ഡി ലെവല്‍ കോച്ചായ എബി ഐസക് എട്ടു വര്‍ഷമായി പരിശീലനം നല്‍കുന്നു.
അച്ഛന്റെ ശിക്ഷണത്തില്‍ പരിശീലനം നേടിയ രണ്ടു മക്കളും കാല്‍പന്തുകളിയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ചെങ്ങന്നൂരിനും ഇത് അഭിമാന നിമിഷം