ബെര്‍ലിന്‍ ▪️ വനിത ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ഭാവി ചര്‍ച്ചയാകുന്നു.
രാജ്യത്തിന്റെ അഭിമാനമായ ഫുട്‌ബോള്‍ പ്രശ്‌നങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്ന് മാധ്യമങ്ങളും ജര്‍മ്മന്‍ ഫുട്‌ബോള്‍ വൃത്തങ്ങളും ചോദിക്കുന്നു. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ജര്‍മ്മനി ലോകകപ്പ് സ്വന്തമാക്കാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ ഏറെ മുന്നിലായിരുന്നു.
ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് ലോകകപ്പില്‍ ജര്‍മ്മനിക്ക് നേടാനായത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് ജര്‍മ്മനിക്ക് സ്വന്തമാക്കാനായത്. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരം 11 സമനിലയില്‍ കലാശിച്ചതോടെ ജര്‍മ്മനി ലോകകപ്പില്‍ നിന്ന് പുറത്താകുകയായിരുന്നു.
ജര്‍മ്മനിയുടെ പരാജയത്തിന് വ്യക്തമായ മറുപടി ഇല്ലെന്നാണ് ടീം ഡയറക്ടര്‍ ജോതി ചാറ്റ്‌സിയാലെക്‌സിയോ പ്രതികരിച്ചത്. മുന്‍ വിജയങ്ങള്‍ നല്‍കിയ അമിത ആത്മവിശ്വാസമായിരിക്കാം തോല്‍വിക്ക് കാരണമെന്നും ജര്‍മ്മന്‍ ഡയറക്ടര്‍ വ്യക്തമാക്കി.
തോല്‍വിയുടെ കാരണം പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നായിരുന്നു ക്യാപ്റ്റന്‍ അലക്‌സാണ്ട്ര പോപ്പിന്റെ പ്രതികരണം. തോല്‍വിയെ വിമര്‍ശനാത്മകമായി സമീപിക്കും. ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അലക്‌സാണ്ട്ര പോപ്പ് വ്യക്തമാക്കി.
രണ്ട് ലോകകപ്പുകളാണ് ജര്‍മ്മന്‍ വനിതകള്‍ നേടിയിട്ടുള്ളത്. നാല് ലോകകപ്പുകള്‍ നേടിയ അമേരിക്ക മാത്രമാണ് കിരീട നേട്ടത്തില്‍ ജര്‍മ്മനിക്ക് മുന്നിലുള്ളത്. 13 തവണ നടന്ന യൂറോപ്പ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എട്ട് തവണയും ജര്‍മ്മനിയായിരുന്നു ജേതാക്കള്‍.
2018, 2022 ലോകകപ്പുകളില്‍ ജര്‍മ്മന്‍ പുരുഷ ടീമും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. 2014 ല്‍ ലോകചാമ്പ്യന്മാരായതിന് ശേഷമാണ് ജര്‍മ്മനിയുടെ തകര്‍ച്ച. പുരുഷ വനിത ലോകകപ്പുകള്‍ നേടിയ ഏക ടീമാണ് ജര്‍മ്മനി.
2022 ല്‍ യൂറോ കപ്പിന്റെ ഫൈനലില്‍ എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തില്‍ ജര്‍മ്മനി ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. പിന്നാലെ ജര്‍മ്മന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന് ടീം ഡയറക്ടര്‍ ജോതി ചാറ്റ്‌സിയാലെക്‌സിയോ പറഞ്ഞിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ജര്‍മ്മന്‍ പുരുഷവനിത ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഒരു പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ യൂറോ വിജയിക്കാനാവശ്യമായ മികവ് ജര്‍മ്മന്‍ താരങ്ങള്‍ കാണിച്ചില്ല. ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ടീം ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.