
ചെങ്ങന്നൂര്‍ ▪️സ്വര്‍ണ്ണതിളക്കത്തില്‍ ഡോ.സാബു പി സാമുവേല്‍ വീണ്ടും ചെങ്ങന്നൂരിന്റ അഭിമാന താരമായി.
പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരില്‍ ഇക്കഴിഞ്ഞ 10 മുതല്‍ 12 വരെ നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഹൈജമ്പില്‍ സ്വര്‍ണ്ണവും പോള്‍വാള്‍ട്ടില്‍ വെള്ളിയും നേടിയാണ് മുണ്ടങ്കാവ് പുന്നപ്പുഴ നസ്രേത്തില്‍ ഡോ.സാബു പി സാമുവേല്‍ (64) അഭിമാന താരമായത്.
ഈ വിജയത്തോടെ 2023 ഒക്ടോബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടി.
കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് കടലൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പോള്‍ വാട്ടില്‍ സാബു സ്വര്‍ണ്ണം നേടിയിരുന്നു ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് മീറ്റില്‍ നാലു തവണ ഇന്ത്യയെ പ്രതിനിധീകരിച്ച സാബു കോഴിക്കോട് മെഡിക്കല്‍ കോളേജ് കായിക വിഭാഗം മുന്‍ മേധാവിയും പ്രമുഖ കായിക സംഘാടകനുമാണ്.
നിലവില്‍ തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് കായിക വിദ്യാഭ്യാസ വിഭാഗം മേധാവിയായി പ്രവര്‍ത്തിക്കുന്നു.
സ്‌കൂള്‍ പഠന കാലത്ത് കായിക രംഗത്ത് സജീവമായിരുന്ന സാബു, സംസ്ഥാന, ദേശീയ തലത്തില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ഡെക്കാത്തലണില്‍ മികവു കാട്ടിയ സാബു 1984ല്‍ വൈഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോഴ്‌സ് പഠന കാലത്ത് 100 മീറ്ററില്‍ 10.90 സെക്കന്റില്‍ പൂര്‍ത്തിയാക്കിയ മദ്രാസ് സര്‍വ്വകലാശാലയിലെ റെക്കോഡ് ഇപ്പോഴും തുടരുന്നു.
ഓള്‍ ഇന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി മീറ്റിലും മെഡല്‍ നേടിയ ഇദ്ദേഹം 1985ല്‍ അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ വ്യക്തിഗത ചാമ്പ്യനായിരുന്നു.
മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി, കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലും ഇന്ത്യയില്‍ നടന്ന നിരവധി അന്താരാഷ്ട്ര മത്സരങ്ങളുടെ സംഘാടക സമിതിയുടെ പ്രധാന ചുമതലക്കാരനായും പ്രവര്‍ത്തിച്ചു. ഡല്‍ഹി കോമണ്‍വെല്‍ ഗെയിംസ് ഗ്രൗണ്ട് ആന്‍ഡ് എക്യൂപ്‌മെന്റ് കമ്മിറ്റി ജോയിന്റ് കണ്‍വീനറായിരുന്നു അദ്ദേഹം.