
ചെങ്ങന്നൂര്‍ ▪️ അതിഥി തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കി ഡോക്ടറും സഹോദരനും മാതൃകയായി.
നിര്‍മാണ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ കുംറാ കാശിപൂര്‍ നോര്‍ത്ത് 24 പര്‍ഗാനായില്‍ പ്രശാന്ത റോയ് (40) യുടെ മൃതദേഹം സംസ്‌കരിക്കാനാണ് പാണ്ടനാട് സ്വദേശികളായ ഡോക്ടറും സഹോദരനും സ്ഥലം നല്‍കിയത്.
തിരുവല്ല നാക്കട മിഷന്‍ ആശുപത്രി ഡയറക്ടര്‍ പാണ്ടനാട് നാക്കടതെരുവില്‍ ഡോ. എ.ജെ ജോണിന്റെയും സഹോദരന്‍ കൊച്ചുമോന്‍ നാക്കടയുടെയും ഉടമസ്ഥതയില്‍ പാണ്ടനാട് പ്രമട്ടക്കരയിലുള്ള സ്ഥലമാണ് സംസ്‌കാരത്തിനായി വിട്ടുനല്‍കിയത്.
കഴിഞ്ഞ ആറു മാസമായി സുഹൃത്തുക്കളോടൊപ്പം പാണ്ടനാട് പ്രയാറില്‍ വാടകവീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്ന പ്രശാന്ത റോയ് ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 8 മണിയോടെയാണ് ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചത്.
വിവാഹിതനായ ഇദ്ദേഹത്തിന് രണ്ടു മക്കളും ഉണ്ട്. മൃതദേഹം തിരികെ നാട്ടില്‍ കൊണ്ടുപോകാന്‍ സാഹചര്യം ഇല്ലാതായതോടെ എസ്‌ഐ അനിലാകുമാരി ചെങ്ങന്നൂര്‍ പ്രതീക്ഷ കൗണ്‍സിലിംഗ് സെന്റര്‍ സൈക്കോളജിസ്റ്റ് ഡോ. റൂബിള്‍ ജോസഫിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് പ്രശാന്ത റോയിയുടെ ബന്ധുക്കളുടെ അനുവാദത്തോടെയാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഡോ.എ.ജെ ജോണിന്റെ പുരയിടത്തില്‍ സംസ്‌കരിച്ചത്.
ഡോ.എ.ജെ ജോണിന്റെ പിതാവ് മുന്‍ പാണ്ടനാട് പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ എ.ജെ ജോണ്‍ ഇതുപോലെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി വേര്‍തിരിച്ചിരിക്കുന്ന സ്ഥലമാണ് അന്ത്യകര്‍മ്മങ്ങള്‍ക്കായി ഉപയോഗിച്ചത്.
പാണ്ടനാട് സെന്റ് പോള്‍ മാര്‍ത്തോമ്മാ പള്ളിക്കും സെമിത്തേരിക്കും സൗജന്യമായി നല്‍കിയ സ്ഥലത്തിനോട് ചേര്‍ന്നാണ് ഈ സ്ഥലം. ജാതിമതഭേദമെന്യെ ആര്‍ക്കും അന്ത്യകര്‍മ്മങ്ങള്‍ക്ക് ആവശ്യമാകുന്ന പക്ഷം സൗജന്യമായി ഈ സ്ഥലം പ്രയോജനപ്പെടുത്താമെന്ന് ഡോ.എ.ജെ ജോണ്‍ പറഞ്ഞു.