ചെങ്ങന്നൂര്‍: നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും അത്‌ലറ്റിക് മീറ്റില്‍ സ്‌പൈക്ക് അണിഞ്ഞപ്പോള്‍ വേഗത്തിലും ദൂരത്തിലും വിജയം നേടി ഡോ. ഷേര്‍ളി ഫിലിപ്പ്.
നവംബര്‍ 19ന് പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന 41-മത് കേരള സ്‌റ്റേറ്റ് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് മീറ്റില്‍ സ്ത്രീകളുടെ (55-60 പ്രായം ഗ്രൂപ്പില്‍) ലോംഗ് ജംപില്‍ രണ്ടാം സ്ഥാനവും നൂറു മീറ്ററില്‍ മൂന്നാം സ്ഥാനവും നേടിയാണ് മുന്‍ ദേശീയ ലോംഗ്ജംപ് താരം കൂടിയായ ഡോ. ഷേര്‍ളി ഫിലിപ്പ് വീണ്ടും വിക്ടറി സ്റ്റാന്‍ഡില്‍ കയറിയത്.
1982ല്‍ പൂനെയില്‍ നടന്ന അന്താരാഷ്ട്ര മല്‍സരത്തില്‍ ഇന്‍ഡ്യക്കു വേണ്ടി വെങ്കല മെഡല്‍ നേടിയ ശേഷം നാല്‍പത് വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ് വീണ്ടും ഒരു അത്‌ലറ്റിക് മീറ്റില്‍ സ്‌പൈക്ക്‌സ് അണിയുന്നതിന്റെ സന്തോഷത്തിലായിരുന്നു ഡോക്ടര്‍.
കൊല്ലം നെടുമ്പന സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ട്രാക്കിലിറങ്ങിയ ഷേര്‍ളി കൊല്ലത്ത് സബ് ജൂണിയര്‍ ജില്ലാ ചാമ്പ്യനായാണ് തുടക്കം. തുടര്‍ന്ന് എട്ടാം ക്ലാസില്‍ തിരുവനന്തപുരം ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ചേര്‍ന്നതോടെ സ്‌കൂള്‍ നാഷണലില്‍ സ്വര്‍ണം നേടിയ കേരള ടീമിലെ അംഗമായിരുന്നു.
എസ്എസ്എല്‍സി പാസായ ശേഷം പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കേരള യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ് കരസ്ഥാമാക്കിയ ഷേര്‍ളി കോഴിക്കോട്ട് നടന്ന സ്‌റ്റേറ്റ് മീറ്റില്‍ ലോംഗ്ജംപില്‍ 5.36 മീറ്റര്‍ ചാടി ജൂണിയര്‍ ഗേള്‍സില്‍ റിക്കാര്‍ഡിട്ടു. ഹരിയാനയില്‍ നടന്ന നാഷണലില്‍ സ്വര്‍ണത്തിന് അര്‍ഹയായി.
കേരള യൂണിവേഴ്‌സിറ്റിയേയും ഓപ്പണ്‍ മീറ്റില്‍ കമ്പൈന്‍ഡ് യൂണിവേഴ്‌സിറ്റീസിനെയും പ്രതിനിധീകരിച്ച് കേരള യൂണിവേഴ്‌സിറ്റിയുടെ വ്യക്തിഗത ചാമ്പ്യനായി. ലോംഗ്ജംപില്‍ 5.76 മീറ്ററിന്റെ റിക്കോര്‍ഡിടുകയും ചെയ്തു. കേരള സ്‌പോര്‍ട്‌സ് ലേഖക സംഘനയുടെ സ്‌പോര്‍ട്‌സ് ഗേള്‍ എന്ന് അവാര്‍ഡിനും അര്‍ഹയായി.
ചെങ്ങന്നൂര്‍ ഇഎസ്‌ഐ മെഡിക്കല്‍ ഓഫീസറായ ഡോ. ഷേര്‍ളി ഫിലിപ്പിന് 2015ല്‍ കേരള സര്‍ക്കാരിന്റെ ബെസ്റ്റ് ഡോക്ടര്‍ പുരസ്‌കാരവും ലഭിച്ചു.
കോട്ടയം കാരിത്താസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. ഫിലിപ്പ് ഫിലിപ്പ് പുതുമനയാണ് ഭര്‍ത്താവ്.
മക്കള്‍: ഡോ. ഫിലിപ്പ് പുതുമന, ഡോ അനു ഫിലിപ്പ്.
മരുമക്കള്‍: ഡോ. റോസ് മരിയ ജോസ്, ഡോ. ജോണ്‍ നാലപ്പാട്ട്