▶️പി.കെ കൃഷ്ണദാസിന്റെ റെയില്‍വേ വികസന പ്രസ്താവന രാഷ്ട്രീയ തട്ടിപ്പെന്ന്: സിപിഎം

1 second read
0
198

ചെങ്ങന്നൂര്‍ ▪️റയില്‍വേ സ്‌റ്റേഷന് 300 കോടിരൂപയുടെ സമഗ്രവികസനം നടപ്പാക്കുമെന്ന റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിന്റെ പ്രസ്താവന രാഷ്ട്രീയ തട്ടിപ്പാണെന്ന് സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി, എല്‍ഡിഎഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി എന്നിവ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍, കൃഷ്ണദാസ് വിളിച്ച ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇത്തരം വില കുറഞ്ഞ രാഷ്ട്രീയ നാടകം അരങ്ങേറിയത്. 77 കിലോമീറ്റര്‍ ദൂരം വരുന്ന ചെങ്ങന്നൂര്‍- പമ്പ പുതിയ റയില്‍വേ പാതയുടെ സര്‍വ്വേ ആരംഭിച്ചതായും കൃഷ്ണദാസ് പറഞ്ഞു.

റെയില്‍ യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്വേഷിച്ച് പരിഹാരം കണ്ടെത്തുന്ന സമിതിയുടെ ചെയര്‍മാന്‍ എന്നതില്‍ കവിഞ്ഞ് റെയില്‍വേയുടെ സമഗ്ര വികസനത്തില്‍ ഇടപെടുന്നതിനോ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനോ യാതൊരു അധികാരവും കൃഷ്ണദാസിനില്ല എന്നിരിക്കെ ഇത്തരം പ്രസ്താവനകള്‍ അല്‍പ്പത്തരമാണ്.

2019 ല്‍ റെയില്‍വേ സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ 90 റെയില്‍വേ സ്‌റ്റേഷനുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് വിട്ടുനല്‍കി നവീകരിക്കുന്നതില്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനും ഉള്‍പ്പെടുത്തിയിരുന്നു. ഈ പ്രഖ്യാപനമാണ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലായി കൃഷ്ണദാസ് അവതരിപ്പിക്കുന്നത്.

മാത്രമല്ല പുതിയ ചെങ്ങന്നൂര്‍-പമ്പ റയില്‍വേ പാതയുടെ സര്‍വ്വേ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ എംഎല്‍എ കൂടിയായ മന്ത്രി സജി ചെറിയാനെയോ, ലോക്‌സഭാംഗം കൊടിക്കുന്നില്‍ സുരേഷിനെയോ വിവരമറിയിച്ചിട്ടില്ല. ഒരു പറ്റം ബിജെപി നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാണ് വികസന ഷോ നടന്നത്.

റെയില്‍വേ സ്‌റ്റേഷന്‍ വികസിക്കുന്നതിന് സ്‌റ്റേഷനോടു ചേര്‍ന്ന റോഡുകളും മറ്റ് അനുബന്ധ വികസനങ്ങളും ഉണ്ടാകുക എന്നത് ഒഴിച്ചു കൂടാന്‍ പാടില്ലാത്തതാണ്.

ഇത് ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം ആവശ്യമാണെന്നിരിക്കെ മന്ത്രി സജി ചെറിയാനെ യോഗ വിവരം അറിയിച്ചില്ല എന്നത് കൃഷ്ണദാസും കൂട്ടരും എത്ര അപക്വമായാണ് ഈ വിഷയത്തെ കാണുന്നത് എന്നതിന്റെ തെളിവാണ്.

റെയില്‍വേ വികസനത്തില്‍ പങ്കാളിയാകേണ്ട എംപിയെയും യോഗ വിവരം. അറിയിച്ചില്ല. മന്ത്രിയും എംപിയും പങ്കെടുത്താല്‍ തന്റെ പൊങ്ങച്ച പ്രസ്താവനകളുടെ യാഥാര്‍ത്ഥ്യം പുറത്തറിയുമെന്നതു കൊണ്ടാണ് കൃഷ്ണദാസ് ഇരുവരെയും യോഗത്തില്‍ ക്ഷണിക്കാതിരുന്നത്.

കേന്ദ്ര ഭരണത്തില്‍ എത്തിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞിട്ടും, ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തിന് ചെറുവിരലനക്കാത്ത, ബിജെപി നേതാക്കളാണ് ലോക് സഭ തെരെഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ വികസന നാടകങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.

സ്‌റ്റേഷന്‍ വികസനത്തില്‍ പ്രസ്ഥാവനകളള്‍ അല്ലാതെ എംപി യുടെ ഭാഗത്തു നിന്നും ഒന്നും ഉണ്ടായിട്ടില്ല.

ചെങ്ങന്നൂര്‍ വികസന പാതയില്‍ കുതിച്ചു മുന്നേറുമ്പോള്‍ ഒപ്പം റെയില്‍വേ സ്‌റ്റേഷനുകളും പുരോഗമിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ വികസനത്തില്‍ പങ്കാളികളാകേണ്ട ജനപ്രതിനിധികളെ ബോധപൂര്‍വ്വം ഒഴിവാക്കി നടത്തുന്ന ഇത്തരം തരം താണ നാടകങ്ങള്‍ക്കെതിരെ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം.ശശികുമാര്‍, എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എം.എച്ച് റഷീദ് എന്നിവര്‍ അറിയിച്ചു.

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…