
നൂറനാട്▪️ കുപ്രസിദ്ധ ഗുണ്ട താമരക്കുളം കിഴക്കും മുറി സിനില്‍ ഭവനം വീട്ടില്‍ സിനില്‍രാജ് (41) നെ കാപ്പാ നിയമപ്രകാരം നാടുകടത്തി.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനു കുമാറിന്റെ മേല്‍നോട്ടത്തിലാണ് ചെങ്ങന്നൂര്‍ സബ് ഡിവിഷനില്‍ ക്രിമിനലുകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്.
28.08.2007ല്‍ താമരക്കുളത്ത് വേണുഗോപാല്‍ എന്ന ആളിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തയാളാണ് സിനില്‍രാജ്.
2007ലെ വേണുഗോപാല്‍ കൊലക്കേസില്‍ മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതിയില്‍ വിചാരണ നടത്തിയ സമയം തനിക്കെതിരെ സാക്ഷി പറഞ്ഞു എന്ന വിരോധത്തില്‍ കുഞ്ഞുമുഹമ്മദ് റാവുത്തറെ (76) താമരക്കുളം ഭാഗത്ത് വച്ച് തടഞ്ഞുനിര്‍ത്തി കയ്യിലിരുന്ന ഊന്നു വടി പിടിച്ചു വാങ്ങി സിനില്‍ രാജ് ഗുരുതരമായി തലക്കും മറ്റും അടിച്ചു പരിക്കേല്‍പ്പിച്ചു.
കുഞ്ഞുമുഹമ്മദ് റാവുത്തര്‍ പല സ്ഥലങ്ങളിലും ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന ആളാണ്. സിനില്‍ രാജിന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞു മുഹമ്മദ് റാവുത്തറിനെ ആക്രമിച്ച കേസിനെ തുടര്‍ന്നാണ് കാപ്പാ നടപടി ആരംഭിച്ചത്.
കൊലപാതകം, സ്ത്രീകളെ ആക്രമിക്കല്‍, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം എന്നിവ ഉള്‍പ്പെടെ നൂറനാട്, ശൂരനാട് എന്നീ പോലീസ് സ്‌റ്റേഷനുകളിലായി 11 ഓളം കേസുകളില്‍ പ്രതിയാണ് സിനില്‍ രാജ്.
വേണുഗോപാല്‍ വധക്കേസില്‍ മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി 2022 ലാണ് സിനില്‍ രാജിനേയും കൂട്ടു പ്രതി അനില്‍ (കിണ്ടന്‍) എന്നയാളേയും ജീവപര്യന്തം കഠിനത്തടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് അപ്പീല്‍ നല്‍കിയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
കുഞ്ഞു മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന സിനില്‍ രാജ് തമിഴ്‌നാട്ടിലെ രഹസ്യതാവളത്തില്‍ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം കുണ്ടറ കേരളപുരം ഭാഗത്തെത്തിയ രഹസ്യ വിവരമറിഞ്ഞ് എത്തിയ നൂറനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. നിതീഷിനെയും സംഘത്തിനേയും ആക്രമിച്ച് രക്ഷപെടാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. അന്ന് പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്.
ഈ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീകുമാര്‍ ക്രോഡീകരിച്ചു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ.എസ്. സതീഷ് ബിനോ ഐ.പി.എസ് ആണ് കാപ്പ നിയമപ്രകാരം ഇയാളെ 6 മാസക്കാലത്തേക്ക് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തി ഉത്തരവു പുറപ്പെടുവിച്ചത്.