ചെങ്ങന്നൂര്‍ ▪️ മകള്‍ മരിച്ചതിനു പിന്നാലെ കാണാതായ പിതാവിന്റെ മൃതദേഹം വീയപുരത്ത് പമ്പയാറ്റില്‍ കണ്ടെത്തി.
ചെങ്ങന്നൂര്‍ ചെറിയനാട് ഇടമുറി സുനില്‍ ഭവനത്തില്‍ സുനില്‍കുമാര്‍ (50)നെയാണ് കാണാതായതിന്റെ ആറാംനാള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മാന്നാര്‍ പന്നായിപാലത്തില്‍ നിന്ന് പമ്പയാറ്റിലേക്കു ചാടിയ മറ്റൊരു യുവതിക്കായി എന്‍.ഡി.ആര്‍.എഫ്.സ്‌കൂബാ ടീമും പൊലിസും നടത്തിവന്ന തിരച്ചിലിനിടെ അപ്രതീക്ഷിതമായി സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ഓടെ വീയപുരം സര്‍ക്കാര്‍ തടി ഡിപ്പോയ്ക്കു സമീപം പമ്പയാറിന്റെ തീരത്തെ മുളങ്കാട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കമഴ്ന്നു കിടക്കുകയായിരുന്നു.
ദിവസങ്ങളുടെ പഴക്കം കൊണ്ട് ഇതിനകം തിരിച്ചറിയാനാവാത്ത വിധം ജീര്‍ണിച്ച മൃതദേഹത്തിലെ വസ്ത്രങ്ങളും വിവാഹമോതിരവുമാണ് മൃതദ്ദേഹം സുനില്‍ കുമാറിന്റേതാണെന്ന് ബന്ധുക്കളെ തിരിച്ചറിയാന്‍ സഹായിച്ചത്.
എം.എ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ഏക മകള്‍ ഗ്രീഷ്മ (23)യെ ഇക്കഴിഞ്ഞ 27ന് രാവിലെ ഇടമുറിയിലെ കുടുംബ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഈ സമയം പിതാവ് സുനില്‍കുമാര്‍ കോട്ടയത്തായിരുന്നു. കോട്ടയം ഡി.സി.ബുക്‌സിന്റെ വെയര്‍ഹൗസില്‍ ജീവനക്കാരനായ ഇദ്ദേഹം അന്നേ ദിവസം രാവിലെ ഏഴ് മണിയോട് ജോലിസ്ഥലത്തേക്കു പോകുമ്പേള്‍ ഭാര്യ ഗീതാ ശാന്തനും മകള്‍ ഗ്രീഷ്മയും വീട്ടിലുണ്ടായിരുന്നു.
ഇടമുറി പാല്‍ സൊസൈറ്റിയില്‍ സെക്രട്ടറിയാണ് ഗീത. ഭര്‍ത്താവിനു പിന്നാലെ ഒന്‍പതു മണിയോടെ അവരും സൊസൈറ്റിയിലേക്ക് പോയി. പിന്നീട് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഗ്രീഷ്മയെ തൂങ്ങിമരിച്ചനിലയില്‍ 10 മണിയോടെ കണ്ടെത്തുകയായിരുന്നു.
അതേസമയം മകളുടെ മരണവിവരം അറിഞ്ഞ സുനില്‍കുമാര്‍ കോട്ടയത്തെ ജോലിസ്ഥലത്തു നിന്നും ചെങ്ങന്നൂരിലേക്കു പോകുന്നുവെന്നു പറഞ്ഞ് യാത്ര തിരിച്ചെങ്കിലും വീട്ടിലെത്തിയില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലെ അന്വേഷണത്തിലും പുരോഗതി കാണാതായതോടെ തൊഴില്‍ സ്ഥാപനം തന്നെ കോട്ടയത്തു പരാതിയും നല്‍കി.
തുടര്‍ന്ന് അന്വേഷണം നടക്കുന്നതിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ കഴിഞ്ഞ ദിസം മരിച്ച ഗ്രേഷ്മയുടെ സംസ്‌ക്കാരം മാവേലിക്കര കുന്നത്തുള്ള മാതാവിന്റെ വസതിയില്‍ നടത്തി.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു മാറ്റിയ സുനില്‍ കുമാറിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഭാര്യ വീടായ മാവേലിക്കര കുന്നത്തെ സുനില്‍ ഭവനില്‍ സംസ്‌കാരം നടത്തും.