പരുമല: പമ്പയാറ്റില്‍ കാണാതായ വൃദ്ധയുടെ മൃതദേഹം എടത്വായില്‍ കണ്ടെത്തി.
ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെ കാണാതായ പരുമല പെരുമനത്ത് വര്‍ഗീസിന്റെ ഭാര്യ സാറാമ്മ തോമസ് (സൂസി-65) ന്റെ മൃതദേഹമാണ് 10.30ഓടെ എടത്വാ പച്ചയില്‍ നിന്നും കണ്ടെത്തിയത്.
ഇവരുടെ മൊബൈല്‍ പാണ്ടനാട് ഇല്ലിമല പാലത്തില്‍ കണ്ടെത്തിയതോടെ പമ്പയാറ്റില്‍ ചാടിയതായി സംശയം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് പുളിക്കീഴ് പോലീസും ചെങ്ങന്നൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും തെരച്ചില്‍ ആരംഭിച്ചു.
ചെങ്ങന്നൂര്‍ സ്റ്റേഷന് ഓഫീസര്‍ സുനില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും പരിശോധന തുടരുന്നതിനിടയിലാണ് എടത്വാ പച്ചയില്‍ മൃതദേഹം കണ്ടെത്തി വിവരം അറിഞ്ഞത്.
തുടര്‍ന്ന് പുളിക്കീഴ് പോലീസ് ബന്ധുക്കളുമായി സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. എടത്വാ പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു.
രാവിലെ എഴുന്നേറ്റ വര്‍ഗീസ് വീടിന്റെ അടുക്കള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് സൂസിയെ വീട്ടില്‍ കാണാതായ വിവരം അറിയുന്നത്.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവരുടെ മൊബൈല്‍ ഇല്ലിമല പാലത്തില്‍ കണ്ടെത്തിയത്. സൂസിയുടെ മൊബൈലില്‍ വിളിച്ചപ്പോള്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.
ഇങ്ങനെ റിംഗ് ചെയ്യിപ്പിച്ച് കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് പാലത്തില്‍ എത്തിയപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് പാലത്തില്‍ നിന്നും മൊബൈല്‍ കണ്ടെത്തി ഇതോടെയാണ് പമ്പയാറ്റില്‍ ചാടിയതായി സംശയം ഉയര്‍ന്നത്.പാലത്തിന് താഴെയുള്ള പൈപ്പില്‍ ചവിട്ടിയ കാല്പാടുകളും ഉണ്ടായിരുന്നു.