നിലമ്പൂര്‍ ▪️ പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മലപ്പുറത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം.
‘ചെങ്കൊടി തൊട്ട് കളിക്കണ്ട’ എന്ന ബാനറുമായാണ് നിലമ്പൂരില്‍ സിപിഎം അണികള്‍ പ്രതിഷേധിക്കുന്നത്. നിലമ്പൂര്‍ ഏരിയാ സെക്രട്ടറി പത്മാക്ഷനാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. സ്ത്രീകളും യുവാക്കളും അടക്കം പ്രതിഷേധ പരിപാടിയില്‍ അണിനിരന്നു.
‘ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍ കയ്യും കാലും വെട്ടി അരിഞ്ഞു ചാലിയാര്‍ പുഴയില്‍ കൊണ്ടുപോയി ഇടും’ എന്നാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. അന്‍വറിന്റെ കോലവും കത്തിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആഹ്വാനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് അന്‍വറിനെതിരെ സിപിഎം അണികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിലമ്പൂരില്‍ പി.വി അന്‍വറിന്റെ ശക്തികേന്ദ്രങ്ങളിലൂടെയാണ് പ്രതിഷേധ ജാഥ കടന്നുപോകുന്നത്. ചെങ്കൊടി തൊട്ട് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പത്മാക്ഷന്‍ പറഞ്ഞു.
നിലമ്പൂരിന് പുറമേ എടക്കരയിലും സിപിഐഎം അണികള്‍ അന്‍വറിനെതിരെ തെരുവിലിറങ്ങി. എടക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം സിപിഎം സംസ്ഥാന സമിതി അംഗം പി.കെ സൈനബയാണ് ഉദ്ഘാടനം ചെയ്തത്.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ ഇരുന്നൂറിലധികം അണികളാണ് എടക്കരയില്‍ അന്‍വറിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
അന്‍വര്‍ ഭൂമാഫിയയുടേയും സ്വര്‍ണക്കടത്തുകാരുടേയും വക്താവായെന്നാണ് ആരോപണം. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അന്‍വര്‍ മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും നേതാക്കള്‍ ആരോപിക്കുന്നു.