കാസര്‍കോട്▪️ പെരിയ കേസില്‍ സിപിഐഎമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ പൊളിഞ്ഞെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്.
കേസില്‍ തങ്ങളെ പ്രതികളാക്കിയത് പാര്‍ട്ടി നേതാക്കളായതിനാലാണെന്നും നീതി ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നെന്നും കെ.വി കുഞ്ഞിരാമന് പറഞ്ഞു.
ശിക്ഷ നല്കിയപ്പോള് ഒരു തരത്തിലും ഞങ്ങള്‍ പ്രതികരിച്ചിരുന്നില്ല. കാരണം നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഈ ഘട്ടങ്ങളില്‍ പാര്‍ട്ടി ഞങ്ങള്‍ നിരപരാധികളാണെന്ന് ഉറച്ചുവിശ്വസിച്ചു. കേരളത്തിലെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ പിന്തുണ നല്കി. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിച്ച എല്ലാവര്ക്കും നന്ദിയെന്നും കെ.വി കുഞ്ഞിരാമന് പറഞ്ഞു.
സിബിഐ വെറും കൂട്ടിലിട്ട തത്തയാണെന്ന് തെളിയിക്കുന്നതായിരുന്നു ഹൈക്കോടതി വിധിയെന്നായിരുന്നു സിപിഐഎം പ്രവര്‍ത്തകരെ സ്വീകരിക്കാനെത്തിയ എം.വി ജയരാജന്റെ പ്രതികരണം. സിബിഐ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി പലതും ചെയ്യുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമായെന്നും എം.വി ജയരാജന് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കള്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇവര്‍ പുറത്തിറങ്ങിയത്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്, രാഘവന് വെളുത്തേരി, എം.കെ ഭാസ്കരന് എന്നിവരാണ് പുറത്തിറങ്ങിയത്.
കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ ഇവരെ ജയിലിന് പുറത്ത് രക്തഹാരം അണിയിച്ച് സ്വീകരിച്ചു. പി. ജയരാജനും എം.വി ജയരാജനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കാഞ്ഞങ്ങാട് ടൗണില്‍ ഇവര്‍ക്ക് നല്‍കാനിരുന്ന പൊതു സ്വീകരണം സിപിഐഎം ഒഴിവാക്കിയിട്ടുണ്ട്.