ചെങ്ങന്നൂര്‍ ▪️ 100 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയുടെ നിര്‍മാണം വരുന്ന ജൂണില്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ആശുപത്രി നിര്‍മാണ പുരോഗതി മന്ത്രി സജി ചെറിയാനൊപ്പം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. സാധാരണ 60 ശതമാനം നിര്‍മാണം പൂര്‍ത്തിയാകുമ്പോഴാണ് അവ ലഭ്യമാക്കുന്നത്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് നേരത്തെ തന്നെ ഉപകരണങ്ങള്‍ ലഭ്യമാക്കി സമയബന്ധിതമായി പ്രവര്‍ത്തനം തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഏഴു നിലകളുള്ള ആശുപത്രിയുടെ അഞ്ചാമത്തെ നിലയുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ തന്നെ മികച്ച ആശുപത്രികളില്‍ ഒന്നായി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി മാറുമെന്നും ആശുപത്രി പേ വാര്‍ഡുകള്‍ ഉള്‍പ്പെടെ കൂടുതല്‍ താമസ സൗകര്യം സജ്ജീകരിക്കുന്നതിനായി രണ്ടു നിലകള്‍ കൂടി നിര്‍മ്മിക്കുന്നതിനുള്ള സാധ്യത പരിഗണിക്കുന്നതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുനാ വര്‍ഗീസ്, ഡിഎച്ച് എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. വീണ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എല്‍ അനിതകുമാരി, ജില്ല പ്രോഗ്രാം ഓഫീസര്‍ ഡോ. ദേവ് കിരണ്‍ എന്നിവരും ഉണ്ടായിരുന്നു.
1943 ല്‍ ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചതാണ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി. ആയിരക്കണക്കിന് രോഗികള്‍ ദിനംപ്രതി ചികിത്സയ്ക്കായി എത്തുന്ന ജില്ലാ ആശുപത്രിയുടെ കെട്ടിടങ്ങള്‍ വളരെ അപകടകരമായ സ്ഥിതിയിലായതിനാല്‍ അത്യാധുനീക രീതിയിലുള്ള ഒരു ആശുപത്രി ചെങ്ങന്നൂരില്‍ അനിവാര്യമായി.
ഇതിനായി 2019 ല്‍ അന്ന് എം എല്‍ എ ആയിരുന്ന സജി ചെറിയാന്‍ ., മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്കും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ജില്ലാ ആശുപത്രി നിര്‍മ്മിക്കുന്നതിനായി കിഫ്ബിയില്‍ നിന്നും 100 കോടി രൂപ അനുവദിച്ചത്. 2020 നവംബറില്‍ മന്ത്രി കെ കെ. ശൈലജ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു.
▪️ പുതിയ ആശുപത്രിയിലെ സൗകര്യങ്ങള്‍ എന്തെല്ലാം ?
നിര്‍വ്വഹണ ഏജന്‍സിയായ വാസ്‌കോസിന്റെ മേല്‍നോട്ടത്തില്‍ ഹെതര്‍ കണ്‍സ്ട്രക്ഷന്‍ കമ്പിനിക്കാണ് നര്‍മ്മാണ ചുമതല
രണ്ടര ഏക്കര്‍ സ്ഥലത്തിനുള്ളില്‍ ഏഴു നിലകളിലായി 1,25,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയം
രണ്ട് ഘട്ടങ്ങളായാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.
ആശുപത്രി കെട്ടിടത്തിന്റെ അടിത്തറ നിലയില്‍ വാഹന പാര്‍ക്കിംഗും മോര്‍ച്ചറിയും ഐടി റൂമും പ്രവര്‍ത്തിക്കും. താഴത്തെ നിലയില്‍ ഒബ്‌സര്‍വേഷന്‍, റേഡിയോളജി, മൈനര്‍ ഒ ടി, ഫാര്‍മസി എന്നിവയും ഒന്നാം നിലയില്‍ ഒ പി, ഫിസിയോതെറാപ്പി, ഡയാലിസിസ്, ദന്തല്‍ വിഭാഗം, സാമ്പിള്‍ കളക്ഷന്‍ എന്നിവയോടൊപ്പം മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയും ഉണ്ടാകും.
അഡ്മിനിസ്‌ട്രേഷന്‍, കേന്ദ്ര ലബോറട്ടറി, കോണ്‍ഫറസ് ഹാള്‍, ഡീ അഡിക്ഷന്‍, സൈക്യാട്രി വാര്‍ഡുകള്‍ രണ്ടാം നിലയിലാണ് പ്രവര്‍ത്തിക്കുക. മെഡിക്കല്‍, ഇ എന്‍ ടി, അസ്ഥിരോഗ, നേത്ര രോഗ വിഭാഗം വാര്‍ഡുകളും കൂട്ടിരിപ്പ്കാരുടെ വിശ്രമ മുറിയും മൂന്നാം നിലയിലാണ് ക്രമീകരിക്കുക.
പ്രീ, പോസ്റ്റ് ഓപ്പറേഷന്‍ ,പാലിയേറ്റീവ് വാര്‍ഡുകള്‍ നാലാം നിലയിലും ഒടി, സിഎസ്എസ്ഡി, സര്‍ജിക്കല്‍, മെഡിക്കല്‍ ഐസിയു ,അനസ്‌ത്യേഷ മുറികളും നഴ്‌സുമാരുടെ വിശ്രമസ്ഥലവും അഞ്ചാമത് നിലയിലും ഉണ്ടാകും.
എം.സി റോഡിന്റെ സമീപത്തെ ആശുപത്രിയെന്ന നിലയില്‍ റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് വിദഗധ ചികിത്സ നല്‍കാന്‍ അത്യാധുനിക ട്രോമാകെയര്‍ സംവിധാനവും ഉണ്ടാകും. മോഡ്യുലര്‍ ഓപ്പറേഷന്‍ തീയേറ്ററുകളാണ് ആശുപത്രിയില്‍ ഒരുക്കുന്നത്.
പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ രണ്ടു വര്‍ഷമായി ചെങ്ങന്നൂര്‍ ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ കെട്ടിടത്തിലാണ് താത്കാലികമായി ജില്ല ആശുപത്രി പ്രവര്‍ത്തിക്കുന്നത്.