
തിരുവനന്തപുരം▪️ ലോകായുക്തയെ പിന്തുണച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും രാജ്യസഭാ മുന്‍ ഉപാധ്യക്ഷനുമായി പി.ജെ കുര്യന്‍ രംഗത്തെത്തി.
എല്ലാ ലക്ഷ്മണ രേഖയും ലംഘിച്ചാണ് ലോകായുക്തക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയതെന്നും സര്‍ക്കാര്‍ വിരുന്നില്‍ പങ്കെടുത്താല്‍ സ്വാധീനിക്കപ്പെടുന്ന ദുര്‍ബലരാണോ നമ്മുടെ ജഡ്ജിമാരെന്നും പി.ജെ കുര്യന്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം…
ഇത്രയും വേണോ
മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന് ലോകായുക്തയെ കുറെപേര്‍ അധിക്ഷേപിച്ചു. ചാനലുകളിലും മറ്റും അധിക്ഷേപം തുടര്‍ന്നു. ലോകായുക്ത കാര്യം വിശദീകരിച്ചപ്പോള്‍ കീഴ് വഴക്കം ലംഘിച്ചെന്നായി. ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’. വിമര്‍ശകര്‍ എല്ലാ ലക്ഷ്മണ രേഖയും ലംഘിച്ചാണ് വ്യക്തിപരമായ അധിക്ഷേപം നടത്തിയത്.
ലോകായുക്തയെ നിയമിച്ചത് പിണറായി മന്ത്രിസഭയാണ്. ആ മന്ത്രിസഭയിലെ മന്ത്രിയ്ക്ക് എതിരെ പോലും ലോകായുക്ത ശക്തമായി വിധിച്ചല്ലോ?. അതിനുള്ള ആര്‍ജവം കാണിച്ച ലോകായുക്ത ഒരു വിരുന്നില്‍ പങ്കെടുത്തതു കൊണ്ട് സ്വാധീനിക്കപ്പെടുമെന്ന് കരുതുന്നത് യുക്തി സഹജമാണോ?.
മുഖ്യമന്ത്രി നടത്തിയത് സ്വകാര്യവിരുന്നായിരുന്നില്ല, മറിച്ച് സര്‍ക്കാര്‍ ചിലവിലുള്ള ഔദ്യോഗിക വിരുന്നായിരുന്നു എന്നതും വിമര്‍ശകര്‍ മറക്കുന്നു. സര്‍ക്കാര്‍ വിരുന്നില്‍ പങ്കെടുത്താല്‍ സ്വാധീനിക്കപ്പെടുന്ന ദുര്‍ബലരാണോ നമ്മുടെ ജഡ്ജിമാര്‍.
ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിമാര്‍ നടത്തുന്ന പല വിവാഹ സല്‍ക്കാരങ്ങളിലും, ഗവണ്മെന്റ് കേസുകള്‍ കേള്‍ക്കുന്ന ജഡ്ജിമാര്‍ പങ്കെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പ്രതിപക്ഷപാര്‍ട്ടി നേതാക്കളും പങ്കെടുക്കുന്നുണ്ട്. അക്കാരണത്താല്‍ അവരെല്ലാം സ്വാധീനിക്കപ്പെടുമെന്നാണോ?. ലോകായുക്ത വിശദീകരണത്തിന് ശേഷവും വിമര്‍ശനം തുടരുന്നത് നീതികരിക്കാനാവില്ല.