കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നാളെ (17) നടക്കും
രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയായ അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് സംഘടനാതലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
രാജ്യത്തുടനീളമുള്ള 9800 പ്രതിനിധികള്‍ക്കായി 40 പോളിംഗ് സ്‌റ്റേഷനുകളും 68 ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയില്‍ രണ്ട് പോളിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരെണ്ണം കോണ്‍ഗ്രസ് ആസ്ഥാനത്തും മറ്റൊന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ നാളെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വോട്ട് ചെയ്യും.
കൂടാതെ 50 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളും 24 അക്ബര്‍ റോഡിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വോട്ട് രേഖപ്പെടുത്തും. സ്ഥാനാത്ഥികളായ ശശി തരൂര്‍ തിരുവനന്തപുരത്തും, മല്ലികാര്‍ജുന്‍ ഖര്‍ഗെ ബാംഗ്ലൂരിലും വോട്ട് ചെയ്യും.
രാഹുല്‍ ഗാന്ധി നാളെ ബെല്ലാരിയില്‍ വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്രയ്ക്കായി രാഹുല്‍ ഇപ്പോള്‍ കര്‍ണാടകയിലാണ്. ബെല്ലാരിയിലെ ജോഡോ യാത്രാ ക്യാമ്പില്‍ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 50 ഓളം പദയാത്രിക്കാര്‍ക്ക് ക്യാമ്പില്‍ തന്നെ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം ഇന്നവസാനിക്കും. 19ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കും.