തിരുവനന്തപുരം ▪️ പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിനെ കെപിസിസി പുറത്താക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി.
ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി. സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നതായാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റേതാണ് നടപടി. ഡോ. പി. സരിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിക്കുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം അറിയിച്ചു.
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ബല്‍റാം പറഞ്ഞു.