ചെങ്ങന്നൂര്‍▪️മുളക്കുഴ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ പൂതംകുന്ന്, വലിയപറമ്പ് നഗറുകളുടെ സമഗ്രവികസനം ലക്ഷ്യമാക്കി സമ്പൂര്‍ണ്ണ ഭവന പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നു.
മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഭരണസമിതി ഏറ്റെടുത്ത പൂതംകുന്ന് സമഗ്രവികസനത്തില്‍ പൂതംകുന്ന് നഗറിലെ ജനറല്‍ വിഭാഗത്തിലെ 15 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പട്ടികജാതി വിഭാഗത്തിലെ 10 കുടുംബങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ വീതവും നല്‍കിയാണ് ഭവന പുനരുദ്ധാരണം നടപ്പിലാക്കുന്നത്.
വാസയോഗ്യമല്ലാത്ത ജനറല്‍, പട്ടികജാതി വിഭാഗങ്ങളിലായി നാലുകുടുംബങ്ങള്‍ക്ക് വീതം നാലുലക്ഷം രൂപ വീതം നല്‍കി എട്ട് പുതിയ വീടുകളും നിര്‍മ്മിക്കും. ഇതിനായി സംസ്ഥാന കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പിലാക്കും.
കൂടാതെ ലൈഫ് ഭവനപദ്ധതിയിലും പുതിയ വീടുകള്‍ ലഭ്യമാക്കും. മന്ത്രി സജി ചെറിയാന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ അനുവദിച്ച നാല്‍്പത്തി ഏഴുലക്ഷം രൂപയുടെ പുതിയ റോഡിന്റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും.
ആധുനിക രീതിയിലുള്ള ശ്മശാനത്തിന്റെ നിര്‍മ്മാണവും എംഎല്‍എ ഫണ്ടില്‍ നിന്നും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലും അനുബന്ധകാര്യങ്ങളും നടന്നുവരുന്നു.
ഇതിനായി പഞ്ചായത്തിന്റെ സ്ഥലമായ കളരിത്തറയില്‍ സബ് വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണം ആംരഭിച്ചു. പൂതം കുന്ന് നഗറിന്റെ ഭവന പുനരുദ്ധാരണ പദ്ധതിക്കായുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പ്രത്യേക ഗ്രാമസഭ പൂതംകുന്നില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദന്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് രമ മോഹന്‍, ചെങ്ങന്നൂര്‍ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ രാധാ ഭായ്, കെ.പി പ്രദീപ്, ഡി. പ്രദീപ്, കെ.സി ബിജോയ്, മഞ്ജു, ടി. അനു, കെ സാലി എന്നിവര്‍ സംസാരിച്ചു.
വലിയ പറമ്പ് നഗറിലും ജനറല്‍ വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കി വീടുകള്‍ നവീകരിക്കുന്ന പദ്ധതിയും പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശ പ്രകാരം പട്ടികജാതി വികസന വകുപ്പ് അംബേദ്കര്‍ ഭവന പദ്ധതി പ്രകാരം മുഴുവന്‍ പട്ടികജാതി കുടുംബങ്ങളുടെയും വീടുകള്‍ നവീകരിക്കാന്‍ പദ്ധതിയുണ്ട്.
പഞ്ചായത്തിന്റെയും തൊഴിലുറപ്പ് വിഭാഗത്തിന്റെയും സഹകരണത്താല്‍ വലിയപറമ്പ് അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. വൈദ്യുതിയും ശൗചാലയവും ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദന്‍ അറിയിച്ചു.