ചെങ്ങന്നൂര്‍ ▪️ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ചെങ്ങന്നൂരിന്റെ മണ്ണില്‍ വെടിയേറ്റു മരിച്ച കോണ്‍ഗ്രസ് രക്തസാക്ഷിക്ക് സ്മാരകം ഒരുക്കിയത് കമ്മ്യൂണിസ്റ്റ് മന്ത്രി.
എട്ടര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് ചെങ്ങന്നൂര്‍ കലാപത്തില്‍ രക്തസാക്ഷിയായ കുടിലില്‍ ജോര്‍ജിന് സ്മാരകം ഉയര്‍ന്നത്.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിരവധി ഉണ്ടായിട്ടും സമുചിതമായ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നാല് വര്‍ഷം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചാണ് കമ്മ്യൂണിറ്റുകാരനായ മന്ത്രി സജി ചെറിയാന്‍ കുടിലില്‍ ജോര്‍ജിന് സ്മാരകം ഉയര്‍ത്തി കടമ നിറവേറ്റിയത്.
സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പേറിയ ചെങ്ങന്നൂരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ആവശ്യമായിരുന്നു 2020ല്‍ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ തന്റെ കാലാവധിക്കുള്ളില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന മന്ത്രിയുടെ വാക്ക് പാലിച്ചതില്‍ അതീവ സന്തോഷത്തിലാണ് കുടിലില്‍ ജോര്‍ജിന്റെ കുടുംബം.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് അങ്കണത്തില്‍ ജനുവരി 26ന് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങില്‍ ജനുവരി 26ന് വൈകിട്ട് 5ന് സ്മാരകം മന്ത്രി സജി ചെറിയാന്‍ നാടിനു സമര്‍പ്പിക്കുമ്പോള്‍ ഇതിന് സാക്ഷ്യം വഹിക്കാന്‍ കുടുംബാംഗങ്ങള്‍ എത്തിച്ചേരും. യോഗത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷനാകും.
1938 സെപ്റ്റംബര്‍ 29ന് ചെങ്ങന്നൂര്‍ മില്‍സ് മൈതാനത്ത് നടന്ന തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനത്തെ തുടര്‍ന്ന് ദിവാന്‍ സര്‍ സി.പി രാമസ്വാമിഅയ്യരുടെ പോലീസ് നടത്തിയ നരയാട്ടില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതിനു ശേഷം നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് എം.സി റോഡില്‍ ആശുപത്രി ജംഗ്ഷന് സമീപമുണ്ടായ വെടിവെയ്പ്പില്‍ കുടിലില്‍ ജോര്‍ജ്ജ് (25) കൊല്ലപ്പെടുകയുമായിരുന്നു.
മരണ ശേഷം മൃതദേഹം പോലും കുടുംബത്തിന് വിട്ടു നല്‍കാതെ പോലീസ് അജ്ഞാത സ്ഥലത്ത് മറവ് ചെയ്യുകയായിരുന്നു. പിന്നീട് കുടിലില്‍ ജോര്‍ജ്ജിന്റെ എട്ട് മാസം മാത്രം പ്രായമായ മകനേയും കൊണ്ടായിരുന്നു സമരക്കാര്‍ പ്രതിഷേധം നടത്തിയത്.
ഈ പ്രക്ഷോഭത്തില്‍ ചെങ്ങന്നൂര്‍, പുലിയൂര്‍, ചെറിയനാട്, ബുധനൂര്‍, പെരിങ്ങിലിപ്പുറം, വന്‍മഴി, പുത്തന്‍കാവ്, പിരളശേരി, മുളക്കുഴ, തിരുവന്‍വണ്ടൂര്‍, ആലാ, കോടുകുളഞ്ഞി തുടങ്ങി സമീപ പ്രദേശങ്ങളിലെ 239ഓളം പേരാണ് പ്രതികളായത്. ഇത് സംബന്ധിച്ച കേസുകള്‍ എല്ലാം കൊല്ലം കോടതിയിലാണ് നടന്നത്.
ശോഭനാ ജോര്‍ജ് എംഎല്‍എ ആയിരുന്നപ്പോള്‍ കെഎസ്ആര്‍ടിസിയുടെ പടിഞ്ഞാറ് ഭാഗത്തായി ഒന്നേകാല്‍ സെന്റ് സ്ഥലം അനുവദിച്ചിരിന്നു എങ്കിലും പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാരും എംഎല്‍എമാരും വന്നപ്പോള്‍ സ്മാരകം പണിയാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചെങ്ങന്നൂര്‍ നഗരസഭ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ നിര്‍മ്മാണം നടത്താന്‍ ശ്രമിക്കുകയും കുടിലില്‍ ജോര്‍ജിന്റെ കുടുംബത്തില്‍ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ചെറിയൊരു കരിങ്കല്‍ കെട്ട്് നിര്‍മ്മിക്കുകയല്ലാതെ ഒന്നും ചെയ്തില്ല.
പിന്നീട് മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശപ്രകാരം സാംസ്‌കാരിക വകുപ്പ് 33.6 ലക്ഷം രൂപ ചിലവഴിച്ച് സ്മാരക സ്തൂപം നിര്‍മ്മിക്കുകയായിരുന്നു
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ മ്യൂറല്‍ ആര്‍ട്ട് വിഭാഗത്തിന്റെ തലവന്‍ പ്രശസ്ത ചിത്രകാരന്‍ സുരേഷ് മുതുകുളത്തിന്റെ നേതൃത്വത്തില്‍ സ്മാരകത്തില്‍ വരച്ച ഫ്രീഡം ട്രീ യിലെ ഇലകളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെയും പോരാളികളുടെയും ചിത്രങ്ങളുമാണുള്ളത്.
കൂടാതെ സന്ദര്‍ശര്‍ക്ക് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ഇവിടെ കുറിക്കാം.
ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പടിഞ്ഞാറു ഭാഗത്ത് ഒന്നേ കാല്‍ സെന്റ് സ്ഥലത്ത് 387 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് സ്തൂപം നിര്‍മ്മിച്ചത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ആലപ്പുഴ ഡിവിഷന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തിയത്
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീര പോരാളിക്ക് ഉചിതമായ സ്മാരകം എന്ന നിലയില്‍ നിര്‍മ്മിച്ച സ്തൂപം സ്വാതന്ത്ര്യ സമരത്തില്‍ ചെങ്ങന്നൂരിന്റെ പ്രാധാന്യം വരും തലമുറകള്‍ക്ക് ഓര്‍ക്കാന്‍ കഴിയുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.