ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ ഓലമേഞ്ഞ പഴയ സിനിമാ കൊട്ടകയായ സന്തോഷ് ടാക്കീസ് തിരികെ വരുന്നു.
ചാമ്പ്യന്‍സ് ബോട്ട് ലീഗിനോട് അനുബന്ധിച്ച് നടക്കുന്ന ചെങ്ങന്നൂര്‍ പെരുമയുടെ ഭാഗമായാണ് മുതിര്‍ന്നവര്‍ക്ക് അവരുടെ പഴയകാല സിനിമാ സ്മരണകള്‍ അയവിറക്കുവാനും, പുതു തലമുറയ്ക്ക് പഴയകാല സിനിമാ വഴികള്‍ പരിചയപ്പെടുവാനുമുള്ള അവസരമൊരുക്കുന്നത്.
കേരള ചലച്ചിത്ര അക്കാദമിയും, ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനും ചേര്‍ന്നാണ് കൊട്ടക കെട്ടിയുയര്‍ത്തുന്നത്.
ഈ മാസം 25 മുതല്‍ 10 ദിവസങ്ങളിലായി 10 പഴയകാല സിനിമകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
ഓരോ സിനിമയും ദിവസത്തില്‍ മാറ്റിനിയും ഫസ്റ്റ്‌ഷോയും ആയി രണ്ട് ഷോകളാണ് നടത്തുക.
ടിക്കറ്റുകളും ലഭ്യമാണ്. ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് വേണം കൊട്ടകയിലേക്ക് എത്തുവാന്‍. എന്നാല്‍ ടിക്കറ്റിന് നിരക്കൊന്നും കാണികളില്‍ നിന്നും ഈടാക്കില്ല.
കൂടാതെ പഴമയുടെ പുനരാവിഷ്‌കരണമായി നാടന്‍ ചായക്കടയും, മുറുക്കാന്‍ പീടികയും, പുസ്തകക്കടയും, വര്‍ത്തമാനത്തട്ടും, പഴയകാല സിനിമാഉപകരണങ്ങളുടെ പ്രദര്‍ശനവും ഒക്കെ ഉണ്ടാകും.
ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ്‌യുടെ നേതൃത്വത്തില്‍ ചലച്ചിത്രമേള ഉള്‍പ്പെടെയുടെ വിവിധ പരിപാടികളുടെ ഡിസൈനര്‍ ഹൈലേഷും സംഘവും കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.