
കല്‍പ്പറ്റ▪️ മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്ക് ആശ്വാസമായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് മാതൃക ടൗണ്‍ഷിപ്പ് ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മാണം.
ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്‌റ്റോര്‍ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും.
ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരുനിലയാക്കാന്‍ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ളതായിരിക്കും അടിത്തറ.
ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പില്‍ നിര്‍മിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധനവാക്‌സിനേഷന്‍ഒബ്‌സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. ആറുമാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും.ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും.
2024 ജൂലൈ 30 പുലര്‍ച്ചെയാണ് വയനാട് മുണ്ടക്കൈ,ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയത്. 298 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്‌കൂളുകളും തകര്‍ന്നു. ഒറ്റക്കെട്ടായി കേരളക്കര മുണ്ടക്കൈയേയും ചൂരല്‍മലയേയും ചേര്‍ത്തുപിടിച്ചു.
സര്‍ക്കാരിനൊപ്പം രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും അയല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ സഹായഹസ്തവുമായി എത്തി. ഇന്ന് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു മാതൃക ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.