
ആലപ്പുഴ ▪️ ഡ്യൂട്ടിക്കിടയില്‍ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ പേരില്‍ ക്ലിനിക് പ്രവര്‍ത്തനം തുടങ്ങുന്നു.
ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ക്ലിനിക്ക് ഈ മാസം പത്തിന് ഉദ്ഘാടനം ചെയ്യും. മിതമായ നിരക്കില്‍ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ പേരില്‍ രക്ഷിതാക്കള്‍ ക്ലിനിക്ക് തുടങ്ങുന്നത്.
തൃക്കുന്നപ്പുഴ പല്ലനയാറിന്റെ തീരത്താണ് ഡോ. വന്ദനാദാസ് മെമ്മോറിയല്‍ ക്ലിനിക് സ്ഥാപിച്ചിരിക്കുന്നത്.
വന്ദനയുടെ അമ്മയുടെ നാട്ടിലാണ് ഡോ. വന്ദനയുടെ പേരില്‍ ക്ലിനിക്ക് ഒരുക്കിയത്. രാവിലെയും വൈകിട്ടുമായി ഓരോ ഡോക്ടര്‍മാര്‍ ഓപിയില്‍ ഉണ്ടാകും. മാസത്തിലൊരിക്കല്‍ മറ്റു പ്രമുഖ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. വന്ദനയുടെ സുഹൃത്തുക്കളും രോഗികളെ ചികിത്സിക്കാന്‍ എത്തും.
ലാബ്, മരുന്ന് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം പൂര്‍ണ്ണമായും വന്ദനയുടെ വീട്ടുകാര്‍ തന്നെയാണ് നല്‍കുന്നത്. മുന്നോട്ടുള്ള യാത്രയില്‍ സാമ്പത്തിക തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചികിത്സക്ക് ചെറിയ നിരക്ക് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കണം എന്നതായിരുന്നു വന്ദന ദാസിന്റെ ഏറ്റവും വലിയ ആഗ്രഹം.അതുമല്ലെങ്കില്‍ സാധാരണക്കാരുടെ ഇടയില്‍ അവരുടെ സ്വന്തം ഡോക്ടറായി മാറണമെന്നുമായിരുന്നുവെന്നും വന്ദനയുടെ അച്ഛന്‍ പറഞ്ഞു. എന്തായാലും വന്ദനയുടെ ഒരു സ്വപ്നം മരണാനന്തരം സാധ്യമാകുകയാണ്.
ക്ലിനിക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സുരേഷ് ഗോപി എംപി, മന്ത്രി വി.എന്‍ വാസവന്‍, രമേശ് ചെന്നിത്തല എംഎല്‍എ, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. വി.പി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പതിനൊന്നാം തീയതി വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരെ അണിനിരത്തിയുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം പിന്നോക്ക മേഖലയില്‍ നിന്നും തിരഞ്ഞെടുത്ത സമര്‍ത്ഥരായ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും വന്ദനയുടെ പേരില്‍ രക്ഷിതാക്കള്‍ നല്‍കുന്നുണ്ട്.