മെക്‌സിക്കോ ▪️ ചന്ദ്രനില്‍ വരെ സ്ഥലവില്‍പ്പന ഇന്റര്‍നെറ്റിലൂടെ പൊടിപൊടിക്കുന്ന കാലത്ത് സ്വര്‍ഗത്തില്‍ ഭൂമി വാഗ്ദാനം ചെയ്ത് ഒരു സഭയുടെ വസ്തു വില്‍പ്പന.
മെക്‌സിക്കോയിലെ ഒരു സഭ ഒരു പടികൂടി കടന്ന് സ്വര്‍ഗത്തില്‍ ഭൂമി വാഗ്ദാനം ചെയ്യുന്നു. അതും വളരെ തുച്ഛമായ തുകയ്ക്ക്. ‘ഭൂമിയിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് അഴിമതി’ എന്നാണ് സഭയുടെ ഈ നടപടിയെ വിശേഷിപ്പിക്കപ്പെടുന്നത്.
‘ചര്‍ച്ച് ഓഫ് ദി എന്‍ഡ് ഓഫ് ടൈംസ്’ എന്നറിയപ്പെടുന്ന ഇഗ്ലേഷ്യ ഡെല്‍ ഫൈനല്‍ ഡി ലോസ് ടൈംപോസ് എന്ന സഭയാണ് സ്വര്‍ഗത്തില്‍ മനുഷ്യന് ഭൂമി വാഗ്ദാനം ചെയ്യുന്നത്.
2017ല്‍ ദൈവവുമായുള്ള തികച്ചും വ്യക്തിപരമായ ഒരു മീറ്റിംഗില്‍ സഭയുടെ പാസ്റ്റര്‍ക്ക് സ്വര്‍ഗ ഭൂമി മനുഷ്യന് വില്‍ക്കാനുള്ള ദൈവിക അംഗീകാരം ലഭിച്ചുവെന്നാണ് സഭ അവകാശപ്പെടുന്നത്.
ചതുരശ്ര മീറ്ററിന് 100 ഡോളര്‍ (ഏകദേശം 8,335 രൂപ) കൊടുത്ത് സ്വര്‍ഗത്തില്‍ മനുഷ്യന് ഭൂമി സുരക്ഷിതമാക്കാമെന്നാണ് സഭയുടെ വാഗ്ദാനം.
തീര്‍ന്നില്ല, ദൈവത്തിന്റെ കൊട്ടാരത്തിനടുത്തുള്ള പ്രധാന സ്ഥലങ്ങളും സ്വര്‍ഗത്തില്‍ ഏറ്റവും സുരക്ഷിതവും ഉറപ്പുമുള്ള സ്ഥലവും പാസ്റ്റര്‍, ഭൂമിയിലെ മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്നു..
പണം നോട്ടായിട്ട് തന്നെ നല്‍കണമെന്നില്ല. പകരം പേപാല്‍, ഗൂഗിള്‍ പേ, വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, എന്നിവയ്ക്ക് പുറമെ ഫ്‌ലെക്‌സിബിള്‍ പേയ്‌മെന്റ് പ്ലാനുകളും സഭ മുന്നോട്ട് വയ്ക്കുന്നു.
സ്ഥല വില്‍പന സാധൂകരിക്കുന്നതിനായി മേഘങ്ങള്‍ക്കിടയിലുള്ള വിശുദ്ധ ഭവനത്തിന്റെ ചിത്രങ്ങളും ഓണ്‍ലൈനുകളില്‍ വ്യാപകമായി പ്രചരിക്കുന്നു.
ഇത്തരമൊരു വീഡിയോയില്‍ നാലംഗ സന്തുഷ്ട കുടുംബത്തോടൊപ്പം സ്വര്‍ണ്ണ കിരണങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ആഡംബര മാളികയെ ചിത്രീകരിക്കുന്നു. 2017 മുതല്‍ സ്വര്‍ഗത്തിലെ സ്ഥല വില്പനയിലൂടെ മാത്രം സഭ ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചതായി വീഡിയോയില്‍ പരാമര്‍ശിക്കുന്നു.