
ആലപ്പുഴ▪️ വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
മതനിരപേക്ഷ നിലപാട് ഉയര്‍ത്തി പിടിക്കാന്‍ എല്ലാ കാലവും വെള്ളാപ്പള്ളി ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വെള്ളാപ്പള്ളിയുടെ ഈ അടുത്തകാലത്ത് ഉണ്ടായ ചില പരാമര്‍ശങ്ങള്‍ ചില സമുദായത്തിന് എതിരായ പരമാര്‍ശമായി വരുത്താന്‍ ശ്രമിച്ചു.
എന്നാല്‍ വെള്ളാപ്പള്ളിയെ അറിയുന്നവര്‍ക്ക് അത് സമുദായത്തിനെതിരെ ആയിരുന്നില്ലെന്ന് അറിയാം. പരാമര്‍ശം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ മാത്രമായിരുന്നു’ മുഖ്യമന്ത്രി തുടര്‍ന്നു.
എസ്എന്‍ഡിപിക്ക് വലിയ സംഭാവന നല്‍കിയ ആളാണ് വെള്ളാപ്പള്ളി. നേതൃപാടവം കൊണ്ടാണ് അദ്ദേഹം ജനറല്‍ സെക്രട്ടറിയായി തുടരുന്നത്. വെള്ളാപ്പള്ളിയ്ക്ക് ഉചിതമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഒരേ കാലത്ത് നിര്‍വഹിച്ചത് രണ്ട് സംഘടനകളുടെ നേതൃത്വം. തുടര്‍ച്ചയായി വിശ്വാസം നേടിയെടുക്കാനും നിലനിര്‍ത്താനും വെള്ളാപ്പള്ളിയ്ക്ക് കഴിഞ്ഞു.
മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ചു. സംഘടനയെ വളര്‍ച്ചയിലേയ്ക്ക് നയിക്കാന്‍ വെള്ളാപ്പള്ളിയ്ക്ക് സാധിച്ചു. അനിതര സാധാരണമായ കര്‍മശേഷിയുള്ളയാളാണ് വെള്ളാപ്പള്ളി. ഗുരുദര്‍ശനങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോകുവാന്‍ വെള്ളാപ്പള്ളിയ്ക്ക് കഴിഞ്ഞു. അംഗങ്ങള്‍ക്ക് ആര്‍ജവം പകര്‍ന്നുകൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിക്കെന്നും പിണറായി വിജയന്‍ പ്രസംഗത്തില്‍ പറഞ്ഞു.
‘മനുഷ്യനെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുന്ന കാലഘട്ടമാണിത്. ഗുരു ഏതിന് എതിരെയാണോ എതിര്‍ത്തിരുന്നത് അത് തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. അതിനെ ജാഗ്രതയോടെ നേരിടാന്‍ കഴിയണം.
മതപരമായ ആഘോഷം ആക്രമണത്തിനുള്ള വേദിയായി മാറ്റുന്നു. ഇതിന്റെ ഉദാഹരണമാണ് ഹോളി ആഘോഷം. എന്നാല്‍ നമ്മുടെ നാട്ടില്‍ അത്തരം ചിന്താഗതി ഉണ്ടാവുന്നില്ല. ഉത്തരേന്ത്യയില്‍ പള്ളികളില്‍ ടാര്‍പോളിന്‍ ഇട്ടപ്പോള്‍ ഇവിടെ പള്ളിയുടെ മുറ്റത്ത് പൊങ്കാലയിട്ടു. ‘ മുഖ്യമന്ത്രി പറഞ്ഞു.
സുരേഷ് ഗോപിയെയും പ്രസംഗത്തില്‍ പരോക്ഷമായി മുഖ്യമന്ത്രി വിമര്‍ശിച്ചു. ജാതി ചോദിക്കരുതെന്ന് ഗുരു പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ ജാതി ചോദിക്കാന്‍ ചിലര്‍ പറയുന്നു.
അടുത്ത ജന്മത്തില്‍ പൂണൂല്‍ ഇടുന്ന ബ്രാഹ്മണനാകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നു. അത്തരക്കാര്‍ക്ക് എതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തി 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.