ചെങ്ങന്നൂര്‍ ▪️ഇന്നു മുതല്‍ ചെറിയനാട് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചിരുന്ന മെമു എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ട്രെയിന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്താതെ പോയി. സാങ്കേതിക പിഴവെന്ന് റയില്‍വേ വിശദാകരണം.
ഇന്നു രാവിലെ 7.10ന് എത്തിയ കൊല്ലം-എറണാകുളം മെമു എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ട്രെയിനാണ് കൊടുക്കുന്നില്‍ സുരേഷ് എം.പി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും യാത്രക്കാരും നാട്ടുകാരും സ്വീകരിക്കാനായി കാത്തു നില്‍ക്കുമ്പോള്‍ നിര്‍ത്താതെ കടന്നുപോയത്.
ട്രയിനിനെ സ്വീകരിക്കാനെത്തിയ എംപിയെ ബൊക്കെ നല്‍കി റെയില്‍വേ പാസഞ്ചേസ്‌ഴ്‌സ് അസോസിയേഷന്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും കേക്കും വിതരണം ചെയ്തു. ലോക്കോ പൈലറ്റിനെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുമ്പോഴാണ് ട്രെയിന്‍ കടന്നുപോയത്.
ഇതോടെ കാത്തു നിന്നവര്‍ നിരാശരായി. ലോക്കോ പൈലറ്റിന് അറിയിപ്പ് ലഭിക്കാത്തതാണ് ട്രെയിന്‍ നിര്‍ത്താതെ പോയ സംഭവത്തിന് ഇടയാക്കിയതെന്ന് പറയുന്നു.
ഇതോടെ കൊടിക്കുന്നില്‍ സുരേഷ് എംപി റെയില്‍വേ അധികാരികളുമായി ബന്ധപ്പെട്ടു. ലോക്കോപൈലറ്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നാണ് റെയില്‍വേ ഡിവിഷന്‍ അധികാരികളുടെ വിശദീകരണം. എന്നാല്‍ നിര്‍ദ്ദേശം കിട്ടിയില്ലെന്നാണ് ലോക്കപൈലറ്റും ഗാര്‍ഡും പറയുന്നത്.
എതായാലും ട്രെയിന്‍ നിര്‍ത്താതെ പോയതോടെ എംപിയും നാട്ടുകാരും തിരികെ പോയി. ഇനിയും തിരികെ 11.55ന് കൊല്ലത്തേക്ക് പോകുമ്പോള്‍ സ്വീകരണം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
റെയില്‍വേ പാസഞ്ചേസ്‌ഴ്‌സ് അസോസിയേഷന്‍ ഇതു സംബന്ധിച്ച പരാതി റെയില്‍വേ അധികൃതരെ നേരിട്ട് അറിയിച്ചു.
പാലരുവിയിലെയും വേണാടിലെയും തിരക്കുകള്‍ക്ക് പരിഹാരമായാണ് മെമു എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ട്രെയിന് ഇന്നു മുതല്‍ ചെറിയനാട് സ്‌റ്റോപ്പ് അനുവദിച്ചത്.