തിരുവനന്തപുരം ▪️ചാണ്ടി ഉമ്മനെ പാര്‍ട്ടി അവഗണിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്.
ഉമ്മന്‍ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് ചാണ്ടി ഉമ്മന്‍ എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന കേരളീയരുടെ സ്‌നേഹ പ്രതീകമാണ് ചാണ്ടി ഉമ്മന്‍.
ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണം. എ ഗ്രൂപ്പിന്റെ പിന്തുടര്‍ച്ചാ അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോകണമെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായമെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചാണ്ടി ഉമ്മന്‍ തന്റെ അതൃപ്തി പരസ്യമാക്കിയത്. താന്‍ ഒഴികെ എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരിക്കുന്നത്.
അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മന്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു.