ചെങ്ങന്നൂര്‍▪️ സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി.
ചെങ്ങന്നൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം നമ്പര്‍ എ. 1154ല്‍ 2021 ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള ബാങ്കിന്റെ കണക്കുകള്‍ ചെങ്ങന്നൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ജി. അനില്‍കുമാര്‍ വകുപ്പ് 66 പ്രകാരം പരിശോധിച്ചതിലാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്.
എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിനെതിരെയുള്ള ബാങ്ക് ഭരണസമിതിയുടെ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ് –
2012ല്‍ ചെങ്ങന്നൂര്‍ ബാങ്ക് ആയി വിഭജിച്ച സമയത്ത് അന്ന് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ് ബാങ്കിന് അസന്തുലിതാവസ്ഥ ഉണ്ടായത്. (ഒരു കോടി 41 ലക്ഷം രൂപ) അന്നുണ്ടായിരുന്ന ഈ കണക്കുകള്‍ക്ക് നേതൃത്വം നല്‍കിയ ആരും തന്നെ ഇപ്പോള്‍ ബാങ്കിലില്ല.
കാലാകാലങ്ങളില്‍ അസന്തുലിതാവസ്ഥ സംബന്ധിച്ച കണക്കുകള്‍ നബാര്‍ഡ്, കേന്ദ്ര ബാങ്ക്, ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധിച്ച് വരുന്നതാണ്. അസന്തുലിതാവസ്ഥ ഉണ്ടാകാന്‍ പല കാരണങ്ങളുണ്ട്. അത് ഒരിക്കലും ബാങ്കിന്റെ സാമ്പത്തിക ക്രമക്കേടല്ല.
ബാങ്കിന്റെ കുടിശ്ശിക ശതമാനം അസന്തുലിതാവസ്ഥ ഉണ്ടാകാന്‍ ഒരു പ്രധാന കാരണമാണ്. വിഭജന സമയത്ത് റിട്ടയര്‍ ആകാറായ ആറ് ജീവനക്കാരേയും അവരുടെ റിട്ടയര്‍മെന്റ് ആനുകൂല്യം ഉള്‍പ്പെടെയുള്ള എല്ലാ ചിലവുകളും ബാങ്കിന് വഹിക്കേണ്ടിവന്നു. അതും അസന്തുലിതാവസ്ഥയ്ക്ക് ് ഒരു കാരണമാകുന്നു.
അഡ്വ. ജോര്‍ജ് തോമസിന് ചെറിയനാട് വില്ലേജില്‍ അദ്ദേഹത്തിന്റെ പിതാവ് ചെറിയനാട് സബ് രജിസ്ട്രാര്‍ മുമ്പാകെ 47-ാംനമ്പര്‍ പ്രകാരം വില്‍പത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
30/05/2017ല്‍ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് വില്‍പ്പത്രം പ്രാബല്യത്തില്‍ വന്നിട്ടുള്ളതാണ്. ആയതിന്‍ പ്രകാരം ഒരേക്കര്‍ 1 ഏക്കര്‍ 37.5 സെന്റ് വസ്തുവിന്മേല്‍ പൂര്‍ണ്ണ അവകാശം സിദ്ധിച്ചിട്ടുള്ളതാകുന്നു.
ഭരണസമിതി അംഗമായ സാലി ജയിംസ് കൃഷിഭവനില്‍ നിന്നും പാട്ട കരാര്‍ പ്രകാരം കൃഷി ചെയ്തുവരുന്നതും ആയതിന്റെ രേഖകള്‍ ബാങ്കില്‍ സമര്‍പ്പിച്ചിട്ടുള്ളതുമാകുന്നു.
ഭരണസമിതി അംഗങ്ങളായ സുലേഖ സന്തോഷ്, വത്സല മോഹന്‍ എന്നിവര്‍ വിവാഹിതരായി ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ കുടുംബസമേതം 30 വര്‍ഷ കാലത്തിലേറെയായി സ്ഥിരതാമസവും ടി വസ്തുവില്‍ കൃഷി ചെയ്തു വരുന്നതും ആകുന്നു.
ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ ചെങ്ങന്നൂര്‍ കാര്‍ഡ് ബാങ്കിന് അക്കൗണ്ട് ഇല്ലാത്തതാകുന്നു. ബാങ്ക് റികണ്‍സിലിയേഷന്‍ സ്‌റ്റേറ്റ്‌മെന്റ് എല്ലാ വര്‍ഷവും കൃത്യമായി ഓഡിറ്റ് വര്‍ക്ക് പൂര്‍ത്തീകരിക്കാനായി ഓഡിറ്ററിന് നല്‍കിവരുന്നതാകുന്നു.
ഇതുവരെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ന്യൂനതയായി നാളിതുവരെ രേഖപ്പെടുത്തിയിട്ടുമില്ല.
ഗഹാന്‍ രജിസ്റ്റര്‍ ചെയ്ത് കേന്ദ്രബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് വായ്പ്പാവിതരണം നടത്തുന്നത്. കേന്ദ്ര ബാങ്കിന്റെയും, നബാര്‍ഡിന്റെയും ഡിപാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരുടെയും കൃത്യമായ മേല്‍നോട്ടത്തില്‍ ആണ് വായ്പാ വിതരണം നടത്തുന്നത്.
വിതരണത്തിനായി നല്‍കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നുണ്ടോ എന്ന് നബാര്‍ഡ്, കേന്ദ്ര ബാങ്ക്, ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധന നടത്തി വരാറുള്ളതാകുന്നു.
2017 ല്‍ 50% ല്‍ താഴെ നിന്നിരുന്ന ബാങ്കിന്റെ കുടിശ്ശിക ശതമാനം പ്രളയവും, കോവിഡ് മഹാമാരിയും മൂലം സാധാരണക്കാരായ ബാങ്ക് സഹകാരികള്‍ക്ക് ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ലോണിന്റെ തിരിച്ചടവിനെ സാരമായി ബാധിച്ച മൂലം തന്‍ വര്‍ഷങ്ങളില്‍ കുടിശ്ശിക ശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവാന്‍ കാരണമായി.
വായ്പ കുടിശ്ശിക 31/3/2023 പ്രകാരം 57.92% നിലനില്‍ക്കുന്നു. മേല്‍പ്പറഞ്ഞ കാലയളവില്‍ 80%ല്‍ നിന്ന് കുടിശ്ശിക 57.92% ആയത് ജീവനക്കാരുടെയും ഭരണ സമിതിയുടെയും ആശ്രാന്ദ പരിശ്രമത്താലാണ്. ടി കാലയളവില്‍ കുടിശ്ശിക ഇനത്തില്‍ 6 കോടി രൂപയോളം പിരിച്ചിട്ടുള്ളതുമാകുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും സഹകരണ നിയമം 66 പ്രകാരമുള്ള ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍ക്ക് ചെങ്ങന്നൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) നല്‍കിയ റിപ്പോര്‍ട്ടിലും സാമ്പത്തിക ക്രമക്കേടുകള്‍ ഉള്ളതായ ആരോപണം ഉണ്ടായിട്ടില്ല.
നിലവിലെ ബാങ്കിന്റെ ഭരണസമിതി ദൈനംദിന ചിലവുകള്‍ എല്ലാ മാസവും കൃത്യമായി അവലോകനം ചെയ്തു പോകുന്നതിന്റെ രേഖകള്‍ ബാങ്ക് ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ളതാകുന്നു. നാള്‍വഴി രജിസ്റ്ററുകളിലും
കൃത്യമായ രേഖപ്പെടുത്തുലുകള്‍ നടത്താറുണ്ട്.
കാലാകാലങ്ങളായി മാറിമാറി വരുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ആയതിനാല്‍ കെടുകാര്യസ്ഥത എന്ന ആരോപണം ഉന്നയിക്കുന്നതില്‍ പ്രസക്തിയില്ല.
ആയതിനാല്‍ മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ വസ്തുത വിരുദ്ധവും ബാങ്കിനെയും ഭരണസമിതിയെയും തകര്‍ക്കുന്നതിന് മനഃപൂര്‍വം കെട്ടിചമച്ചത് ആണെന്നും അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബാങ്ക് ഭരണസമിതി പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാര്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവര്‍ പ്രസ്താവനയില്‍ പറയുന്നു.