ചെങ്ങന്നൂര്‍: നിയോജക മണ്ഡലത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൊതുമരാമത്ത് റോഡുകളുടെയും പുത്തന്‍കാവ് പാലത്തിന്റെയും ഉദ്ഘാടനം നാളെ (വ്യാഴാഴ്ച്ച) മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.
വിവിധ യോഗങ്ങളില്‍ സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷനാകും. മന്ത്രി വീണ ജോര്‍ജ്ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ മുഖ്യാതിഥികളാകും.
ഉച്ചകഴിഞ്ഞ് രണ്ടിന് ചെങ്ങന്നൂര്‍ കിഴക്കേ നടയില്‍ ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രം ആറാട്ടുകടവ് റോഡിന്റെയും വൈകിട്ട് അഞ്ചിന് എം സി റോഡില്‍ ആഞ്ഞിലിമൂട് ജംഗ്ഷനില്‍ ചെങ്ങന്നൂര്‍ അടൂര്‍ സുരക്ഷാ ഇടനാഴിയിടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.
വൈകിട്ട് 5.30ന് പെണ്ണുക്കര കനാല്‍ ജംഗ്ഷനില്‍ ചേരുന്ന യോഗത്തില്‍ കല്ലിശ്ശേരി-അമ്പിരേത്ത്പടി-മിത്രമഠം-വനവാതുക്കര-കുത്തിയതോട് റോഡ് (10.3 കോടി), ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം-ആറാട്ടുകടവ് റോഡ് (75 ലക്ഷം), ആലിന്‍ചുവട്- താഴംവാതുക്കല്‍-സി.എസ്.ഐ റോഡ് (5 കോടി), മുളക്കുഴ-പാങ്കാവ് പള്ളിമോടി-ഇല്ലത്തുമേപ്പുറം-പുലക്കടവ് റോഡ് (12 കോടി), കോടുകുളഞ്ഞി-തയ്യില്‍പടി-ആല അത്തലക്കടവ് റോഡ് (7.2 കോടി) എന്നീ റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. 39.11 കോടി ചിലവഴിച്ചാണ് ഈ റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കെഎസ് ടിപി രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അടൂര്‍ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള 23.8 കിലോമീറ്റര്‍റോഡ് സുരക്ഷയെ മുന്‍നിര്‍ത്തി എം.സി റോഡ് ഉപരിതല നവീകരണം റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചത്.
എം.സി റോഡിന് ഇരു വശവും ഇന്റര്‍ലോക്ക് ടൈല്‍ പാകിയ നടപ്പാതയും ഇരു ഭാഗത്തും ഓട നിര്‍മ്മാണവും ഹാന്‍ഡ് റെയില്‍, ക്രാഷ് ഗാര്‍ഡ്,സംരക്ഷണ ഭിത്തി എന്നിവയുടെ സ്ഥാപനം എന്നിവ പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ടു.26 കലുങ്കുകളുടെ നിര്‍മ്മാണവും 19 മേജര്‍ ജംഗ്ഷനുകളും 72 മൈനര്‍ ജംഗ്ഷനുകളും നവീകരിച്ചു. ഇതിനായി 98.1 കോടി രൂപ ചിലവഴിച്ചു.
105 വര്‍ഷത്തോളം പഴക്കമുള്ള എം കെ റോഡില്‍ പുത്തന്‍കാവ് പാലം തകര്‍ച്ചയുടെ വക്കിലായിരുന്നു. 2018 ലെ മഹാപ്രളയം പാലത്തിന്റെ തൂണുകളില്‍ കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.
തൂണുകളിലെ വിള്ളല്‍ മൂലം വിദഗ്ധ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊളിച്ചു നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്.ഇരുവശത്തും രണ്ടു മീറ്റര്‍ നടപ്പാതകള്‍ ഉള്‍പ്പെടെ
പത്തര മീറ്റര്‍ വീതിയില്‍ മൂന്നു വരി ഗതാഗതത്തിന് സൗകര്യപ്രദമായ ആധുനിക രീതിയിലാണ് നിര്‍മ്മിച്ചത്.നിര്‍മ്മാണത്തിനായി മൂന്നു കോടി 36 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും ഒരു കോടി 44 ലക്ഷം രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.