ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ പുതുപ്പള്ളി സ്വദേശികളായ രണ്ടു പേര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവര്‍ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. മുഖ്യപ്രതി മുത്തുകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മരണ കാരണം ക്രൂര മര്‍ദനമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ ബിന്ദുമോന്റെ വാരിയെല്ലുകള്‍ തകര്‍ന്നു. മര്‍ദനമേറ്റതിന്റെ നിരവധി പാടുകള്‍ ശരീരത്തില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തല്‍.
ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡല്‍ കൊലപാതകത്തിലേക്ക് എത്തിയത്.
ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ (40) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മാന്‍ മിസിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമായി.
ബൈക്ക് അപകടത്തില്‍പ്പെട്ടതാണോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാര്‍ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.
വിശദമായ അന്വേഷണത്തിനൊടുവില്‍ സഹോദരി ഭര്‍ത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.