ചെങ്ങന്നൂര്‍ ▪️ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരുക്ക്. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. യുവാവിനെ പിങ്ക് പൊലിസ് ആശുപത്രിയില്‍ എത്തിച്ചു.
എം.സി റോഡില്‍ മുളക്കുഴ ഊരിക്കടവില്‍ പെട്രോള്‍ പമ്പിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരേയോടെയാണ് സംഭവം. ഇടിച്ച കാര്‍ കണ്ടെത്താനായില്ല.
സ്‌കൂട്ടര്‍യാത്രക്കാരനായ ചെങ്ങന്നൂര്‍ പെണ്ണക്കര തെക്ക് ആലിന്റെ പടീറ്റേതില്‍ സുമതിയുടെ മകന്‍ എ.എം അനീഷ് (38) ആണ് അപകടത്തില്‍പ്പെട്ടത്.
പെയിന്റിങ് തൊഴിലാളിയായ അനീഷ് കുറിച്ചിമുട്ടത്തു താമസിക്കുന്ന സഹോദരനെ കാണാന്‍ പോകുകയായിരുന്നു. എതിരേ വന്ന കാര്‍ നിയന്ത്രണം വിട്ട് വലതു വശത്തേക്ക് തെന്നിമാറി അനീഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
എന്നാല്‍ പരുക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ ഏറെ നേരം കഴിഞ്ഞും ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറായില്ലെത്രെ. വിവരം അറിഞ്ഞ് ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ നിന്നെത്തിയ എസ്.ഐ. ദീപയുടെ നേതൃത്വത്തില്‍ പിങ്ക് പൊലിസ് ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അവിടെ നിന്നും പിന്നീട് വിദഗ്ധ ചികിത്സാര്‍ഥം അനീഷിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. യുവാവിനെ ഇടിച്ച കാറിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പൊലീസ് അന്വേഷണം ആരംഭിച്ചു.