തിരുവല്ല ▪️ മുത്തൂരില്‍ വന്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി.
ലോറി ഡ്രൈവര്‍ കൊല്ലം കരവൂര്‍ പാലമൂട്ടില്‍ വീട്ടില്‍ എസ്. സന്ദീപ് (24), സഹായി പത്തനംതിട്ട കൊടുമണ്‍ ഐക്കാട് കൊടിയില്‍ വീട്ടില്‍ ജിതിന് മോഹന്‍ (38) എന്നിവരാണ് പിടിയിലായത്.
പാഴ്സല്‍ സര്‍വീസിന്റെ മറവില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും പത്തനാപുരത്തേക്ക് വരികയായിരുന്ന ലോറിയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫ് സംഘവും തിരുവല്ല ഡിവൈഎസ്പി എസ്. ആഷാദിന്റെ കീഴിലുള്ള സ്പെഷ്യല്‍ സ്ക്വാര്‍ഡും ചേര്‍ന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ നടത്തിയ പരിശോധനയില്‍ ആണ് ലോറിയുടെ ക്യാബിനില്‍ ഒളിപ്പിച്ച നിലയില്‍ 12 പായ്ക്കറ്റുകളില്‍ കഞ്ചാവ് കണ്ടെത്തിയത്.
പിടിയിലായ ജിതിന് നിരവധി കഞ്ചാവ് കേസുകളിലും പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
തിരുവല്ല തഹസില്‍ദാര്‍ സിനിമോള്‍ മാത്യു സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ലോജിസ്റ്റിക്സ് എന്ന പേരുള്ള ലോറിയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.