ദില്ലി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു.
പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി.വി ആനന്ദ ബോസിനെ ഗവര്‍ണറായി നിയമിച്ചത്.
മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍. ഗണേശനാണ് നിലവില്‍ ബംഗാള്‍ ഗവര്‍ണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവന്‍ സമയ ഗവര്‍ണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഭരണഘടന അനുസരിച്ച് ഭരണപക്ഷവും പ്രതി പക്ഷവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ആനന്ദ ബോസ് പ്രതികരിച്ചു. സിവില്‍ സര്‍വീസിലെ പ്രവര്‍ത്തനം കരുത്താകും. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിചിത ഇടമാണ് പശ്ചിമ ബംഗാള്‍. കൊല്‍ക്കത്തയില്‍ നിന്നാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തന്റെ ആദ്യ ചെറുകഥ പോലും പശ്ചിമ ബംഗാളിലെ ചേരികളെ കുറിച്ചാണ്.
തന്റെ പേരിലും ബംഗാള്‍ ടച്ച് ഉണ്ടെന്നും സി വി ആനന്ദ ബോസ് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്കും നന്ദിയെന്ന് ആനന്ദ് ബോസ് കൂട്ടിച്ചേര്‍ത്തു.
കോട്ടയം മാന്നാനം സ്വദേശിയാണ് സി.വി ആനന്ദ് ബോസ്. ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ആനന്ദ ബോസ് നേരത്തെ മേഘാലയ ഗവണ്‍മെന്റിന്റെ ഉപദേഷാട്, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
യുഎന്‍ പാര്‍പ്പിട വിദഗ്ധനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 32 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.