
തിരുവനന്തപുരം ▪️ ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലങ്ങളില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക്് കോണ്‍ഗ്രസ് നീങ്ങുന്നു.
പാര്‍ട്ടി ഉടന്‍ തന്നെ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കും. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭ മണ്ഡലങ്ങളിലുമാണ് ഒഴിവു വരുന്നത്. ഇതില്‍ ചേലക്കര ഒഴികെ മറ്റ് രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസ്സിന്റെ സിറ്റിങ്ങ് സീറ്റാണ്.
എംഎല്‍എയും മന്ത്രിയുമായ സിപിഎമ്മിലെ കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.
ഇവിടെ ആലത്തൂരില്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ട സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ തന്നെ പരിഗണിക്കാനാണ് സാധ്യത.
പാലക്കാട് എംഎല്‍എ ആയിരിക്കുമ്പോഴാണ് ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്.
അതിനാല്‍ പാലക്കാട് ഒഴിവുവരുന്ന സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം എന്നിവരുടെ പേരുകളാണുയരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായശേഷം പാലക്കാട് മണ്ഡലത്തിലെ പല പരിപാടികളിലും ഷാഫിക്കൊപ്പം രാഹുലും പങ്കെടുത്തിരുന്നു. പകരക്കാരനെ തീരുമാനിക്കുന്നതില്‍ ഷാഫിയുടെ അഭിപ്രായം കൂടി പാര്‍ട്ടി പരിഗണിക്കും.