ചെങ്ങന്നൂര്‍ ▪️ വരട്ടാറിന്റെ തീരപ്രദേശങ്ങളെ ഇറിഗേഷന്‍ ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
ജലവിഭവ വകുപ്പിന്റെ എല്ലാ സഹകരണവും ഇതിന് ഉറപ്പാക്കും. വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ പുതുക്കുളങ്ങര, ആനയാര്‍, തൃക്കയ്യില്‍ പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തെ റോഡ് കണക്ടിവിറ്റി പ്രശ്‌നത്തിന് ശാശ്വത പരിഹരമാകും.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ ചെങ്ങന്നൂര്‍ നഗരസഭയിലെയും ആറന്മുള ഇരവിപേരൂര്‍ പഞ്ചായത്തിലെയും ജനങ്ങളുടെ നിരന്തര ആവശ്യമായിരുന്നു വരട്ടാറിനു കുറുകെ ഇരുകരകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതുക്കുളങ്ങര പാലം.
എട്ട് പാലങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 2018 പ്രളയാനന്തരമാണ് വരട്ടയാര്‍ നദിയുടെ പുനരുജ്ജീവനം പ്രധാന വിഷയമായി വന്നതെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.
തടത്തില്‍പ്പടി, മംഗലം ചപ്പാത്ത് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ഒഴുക്കു നിലച്ച നദിയുടെ പുനരുജ്ജീവനമാണ് വരട്ടാര്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
13 കിലോമീറ്റര്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിത ദുരിതം അവസാനിപ്പിക്കാന്‍ സാധിക്കും വിധം സമഗ്ര വികസനം കൊണ്ടുവരുന്ന പദ്ധതിയാണ് വരട്ടാര്‍ പുനരുജ്ജീവനത്തിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി. 2018 പ്രളയം ഒട്ടേറെ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു. അതിലൊന്നാണ് നശിച്ചു കൊണ്ടിരിക്കുന്ന നദികളെ സംരക്ഷിക്കുകയെന്നതെന്ന് മന്ത്രി പറഞ്ഞു.
ജലമാര്‍ഗങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ മാതൃക കൂടിയാണ് വരട്ടാര്‍ പുനരുജ്ജീവന പദ്ധതി മുന്നോട്ടു വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാന്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി സജന്‍, ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍ പിള്ള, ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ ലതിക രഘു, ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുനില്‍രാജ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ. ബേസില്‍ എന്നിവര്‍ സംസാരിച്ചു.