⏺️ വയനാട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
കൊച്ചി▪️ നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ ഉണ്ടാകും.
ഒളിവില്‍ പോകാനായിരുന്നു ശ്രമം. ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു.
കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.
പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. സെൻട്രൽ എസ് എച്ച് ഒയ്ക്ക് അന്വേഷണ ചുമതല. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 30 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്.