
കോഴിക്കോട്▪️ ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി.
എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ സമീപം ട്രാക്കില്‍ നിന്നാണ് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഇംഗ്ലീഷിലെഴുതിയ ബുക്ക്, അരക്കുപ്പി പെട്രോള്‍ എന്ന് സംശിയക്കുന്ന ദ്രാവകം, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ടിഫിന്‍ ബോക്‌സ്, എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഇവയെല്ലാം ഫോറന്‍സിക് സംഘം കൂടുതല്‍ പരിശോധിച്ചു വരികയാണ്. വിരലടയാളമടക്കം ശേഖരിക്കും.
പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അക്രമിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ചയാളാണ് അക്രമിയെന്നാണ് വിവരം. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ (16307) കോരപ്പുഴയ്ക്കു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. ഡി 1 കോച്ചിലുണ്ടായിരുന്നവര്‍ക്കു നേരെ പെട്രോള്‍ സ്‌പ്രേ ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നു.
ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം. കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയാണോ, ഇത് അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വം ഉപേക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.