
ചെങ്ങന്നൂര്‍ ▪️ ഒരു കാലത്ത് സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചവര്‍ ‘കുട്ടികളായി’ ആവേശത്തോടെ അക്ഷരമുറ്റത്തേക്ക് ഓടിയെത്തി.
തോളില്‍ തൂക്കിയ ബാഗില്‍ പുസ്തകങ്ങളും കുടയും ചോറ്റു പാത്രവും എല്ലാം കൈകളിലേന്തി സ്‌കൂള്‍ യൂണിഫോമില്‍ ഓര്‍മ്മകളുടെ വഴിയിലൂടെ ക്ലാസ് മുറികളിലേക്ക് എത്തിയപ്പോള്‍ പ്രായവും അനാരോഗ്യവും എല്ലാം മറന്ന് അമ്മമാരും മുത്തശ്ശിമാരും സ്‌കൂള്‍ കുട്ടികളായി മാറി.
തദ്ദേശസ്വയംഭരണ വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന – തിരികെ സ്‌കൂളിലേക്ക് – കുടുംബശ്രീ പരിശീലന ക്യാമ്പയിനിന്റെ ഭാഗമായാണ് കൂടുംബശ്രീ അംഗങ്ങള്‍ വിദ്യാര്‍ഥികളായി എത്തിയത്.
അയല്‍കൂട്ടതല സംഘടനാ സംവിധാനം മെച്ചപ്പെടുത്തുക, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കാലാനുസൃതമായ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.
ജില്ലയില്‍ 77 സി.ഡി.എസുകളിലായി 456 ക്ലാസ് മുറികളിലായി 18,966 കുടുംബശ്രീ അംഗങ്ങള്‍ ക്ലാസുകളില്‍ പങ്കെടുത്തു.
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവിലെ പൊതു അവധി ദിവസങ്ങളില്‍ മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ബാച്ചുകളായി തിരിച്ചാണ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്.
ക്യാമ്പയിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് പുലിയൂര്‍ പേരിശേരി ഗവ. യു.പി സ്‌കൂളില്‍ ആരംഭിച്ചു. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി ഷൈലജ, ഗ്രാമപഞ്ചായത്തംഗം സരിത ഗോപന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ.പ്രശാന്ത് ബാബു, അസി.കോ-ഓര്‍ഡിനേറ്റര്‍ കെ.വി.സേവ്യര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.