ചെങ്ങന്നൂര്‍ ▪️ ലയണ്‍സ് ക്ലബ്ബിന്റെയും ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അറോറ കലാ കായിക മത്സരങ്ങള്‍ 13ന് ശനിയാഴ്ച ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ രാവിലെ 9.30ന് ആരംഭിക്കും.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 1100 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരയിനങ്ങളിലായി പങ്കെടുക്കും.
രാവിലെ 9ന് ലയണ്‍സ് ഡിസ്ട്രിക്ട് 318ബി ഗവര്‍ണര്‍ ഡോ. ബിനോ ഐ കോശി പതാക ഉയര്‍ത്തും. സംസ്ഥാന ഭിന്നശേഷി കമ്മീഷണറും മുന്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഹൈ കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ. ബെഞ്ചമിന്‍ കോശി മുഖ്യാതിഥികളായി പങ്കെടുക്കുന്നു.
അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, സംഘാടകര്‍, ലയണ്‍സ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 1700 ഓളം പേര്‍ പങ്കെടുക്കുന്നു. വിവിധ വേദികളിലായി 13 മത്സരങ്ങയിനങ്ങള്‍ നടക്കും. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 120ഓളം ലയണ്‍സ് ക്ലബുകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318ബി യുടെ വാര്‍ഷിക പദ്ധതികളില്‍ ഒന്നാണ് ഭിന്നശേഷി കുട്ടികള്‍ക്ക് അവരുടെ കലാകായിക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന ഈ പരിപാടി. ആദ്യമായാണ് ഈ കലാകായിക ഉത്സവം ചെങ്ങന്നൂരില്‍ സംഘടിപ്പിക്കുന്നത്.
സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജോണ്‍സണ്‍ ബേബി, ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318ബി ഗവര്‍ണര്‍ ലയണ്‍ ബിനോ ഐ കോശി, വൈസ് ഗവര്‍ണേഴ്‌സ് ആയ ആര്‍ വെങ്കിടാചലം, വിന്നി ഫിലിപ്പ്, അറോറ ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ ലയണ്‍ കെ.ആര്‍ സദാശിവന്‍ നായര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൂസമ്മ ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.
ലില്ലി മാനേജിംഗ് ട്രസ്റ്റീ ജി. വേണുകുമാര്‍, ലില്ലി അക്കാദമിക് ഡയറക്ടര്‍ അജ സോണി അലക്‌സാണ്ടര്‍, ലില്ലി പ്രിന്‍സിപ്പല്‍ മോളി സേവിയര്‍, അറോറ കണ്‍വീനേഴ്‌സ് രാധിക ജയപ്രസാദ്, ആര്‍. ജയപ്രസാദ്, സജി എബ്രഹാം സാമുവേല്‍, എം.പി പ്രതിപാല്‍, കെ.കെ രാജേന്ദ്രന്‍, എസ്. ഗോപിനാഥന്‍, കെ.ജെ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.