പാലക്കാട് ▪️ അട്ടപ്പാടിയിലെ ഐഎച്ച്ആര്‍ഡി കോളജിന് ജലസേചന വകുപ്പ് നോട്ടീസ് നല്‍കി.
കോളേജ് കെട്ടിടത്തിന്റെ വാടക കുടിശിക ഇനത്തില്‍ ഒരു കോടിയിലേറെ രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ കോളേജിന്റെ പ്രവര്‍ത്തനം തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.
അട്ടപ്പാടി ജലസേചന പദ്ധതിയുടെ കെട്ടിടം 2010ലാണ് ഐഎച്ച്ആര്‍ഡി കോളേജ് തുടങ്ങാന്‍ വിട്ടു കൊടുത്തത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇപ്പോള്‍ 13 വര്‍ഷമായി. ഇതുവരെ വാടകയിനത്തില്‍ ഒരു രൂപ പോലും കിട്ടിയില്ലെന്നാണ് ജലസേചന വകുപ്പിന്റെ പരാതി.
വെള്ളക്കരവും കോളേജ് അടച്ചില്ല. കാലാവധി കഴിഞ്ഞിട്ടും കരാര്‍ പുതുക്കിയിട്ടുമില്ല. 2010 മുതല്‍ 2023 വരെയുള്ള കാലത്തെ വാടകയായി 1,74,01,200 രൂപ ഉടന്‍ നല്‍കണമെന്നാണ് ജലസേചന വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യം അറിയിച്ച് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ വാടക എത്രയെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് ഐഎച്ച്ആര്‍ഡിയുടെ വിശദീകരണം.