പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. സംസ്‌കാരം ദുബായില്‍ നടക്കും.
സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പ് വ്യവസായ സംരംഭത്തിന്റെ ചെയര്‍മാനാണ്. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിശ്ചയദാര്‍ഢ്യവും പോരാട്ടവും കൊണ്ട് തന്റേതായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ എംഎം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍, ജീവിതത്തിലെ കൊടിയ പ്രതിസന്ധികളിയും പുഞ്ചിരിയോടെ പിടിച്ചുനിന്ന അപൂര്‍വ വ്യക്തിത്വത്തിനുടമാണെന്ന് നിസംശയം പറയാം.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ പ്രിയപ്പെട്ടവരോടൊപ്പം തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. അതിര്‍ത്തികള്‍ കടന്ന് അറ്റ്‌ലസ് എന്ന ബിസിനസ് സംരംഭം വളര്‍ന്നപ്പോഴും തളര്‍ന്നപ്പോഴും ലോകമലയാളികള്‍ ആ മനുഷ്യനെ പുഞ്ചിരിയും സ്‌നേഹവും കലര്‍ന്ന മുഖത്തോടെയാണ് കണ്ടിട്ടുള്ളത്.