കല്‍പ്പറ്റ ▪️ ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ വിജയിയായ അല്‍ത്താഫ് ടിക്കറ്റുമായി വയനാട്ടിലെത്തി.
കര്‍ണാടക പാണ്ഡ്യപുരം സ്വദേശിയാണ് അല്‍ത്താഫ്. കല്‍പ്പറ്റ എസ്ബിഐ ബ്രാഞ്ചിലെത്തിയാണ് ടിക്കറ്റ് കൈമാറിയത്. ടിക്കറ്റ് തനിക്ക് അടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്നായിരുന്നു അല്‍ത്താഫിന്റെ പ്രതികരണം.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് അല്‍ത്താഫ് വയനാട്ടിലെത്തിയത്. ഭാഗ്യശാലിയായ അല്‍ത്താഫിന് താരപരിവേഷമായിരുന്നു വയനാട്ടില്‍ ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചയാളെ കണ്ടെത്തിയത്. താന്‍ പതിനഞ്ച് വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണെന്നും സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറഞ്ഞു.
മെക്കാനിക്ക് ആയ അല്‍ത്താഫ് വയനാട്ടില്‍ ബന്ധു വീട്ടില്‍ വന്നപ്പോഴാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. വ്യാഴാഴ്ച രാവിലെയാണ് ലോട്ടറിയടിച്ച വിവരം അറിഞ്ഞത്.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ജിആര്‍ ലോട്ടറി കടയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പനമരത്തെ എസ്ജി ലക്കി സെന്ററാണ് എന്‍ജിആറിന് ടിക്കറ്റ് നല്‍കിയത്. ഒരു മാസം മുമ്പ് തന്നെ ടിക്കറ്റ് വിറ്റിരുന്നു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.