
ന്യൂഡല്‍ഹി ▪️ പുതിയ മന്ദിരത്തിലേക്ക് പോകുന്നതിന് മുമ്പ് രാജ്യത്തിന്റെ 75 വര്‍ഷത്തെ പാര്‍ലമെന്ററി യാത്രയെക്കുറിച്ച് ഓര്‍മ്മിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രചോദനകരമായ നിമിഷങ്ങള്‍ ഓര്‍മ്മിക്കാന്‍ ഇതാണ് അവസരമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനം ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാമന്ത്രി.
ചന്ദ്രയാന്‍ 3ന്റെ വിജയത്തെ അഭിമാനപൂര്‍വ്വം ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ നേട്ടം ഭാരതത്തിന്റെ പുതിയ അവതാരപ്പിറവിയെയാണ് കാണിക്കുന്നതെന്നും പറഞ്ഞു. നേട്ടത്തില്‍ രാജ്യത്തെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ജി20 ഉച്ചകോടിയുടെ വിജയത്തെ എല്ലാവരും ഐക്യകണ്‌ഠേന അഭിനന്ദിച്ചു. ഇത് ഭാരതത്തിന്റെ ആകെ വിജയമാണ്. ഇത് ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ വിജയമല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നമ്മളെല്ലാവരും ഈ ചരിത്ര മന്ദിരത്തോട് വിടപറയുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ഈ മന്ദിരം സാമ്രാജ്യത്വ ലെജിസ്ലേറ്റീവ് കൗണ്‍സിലായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഈ മന്ദിരം പാര്‍ലമെന്റ് മന്ദിരം എന്ന അസ്ഥിത്വം സ്വന്തമാക്കി.
ഈ കെട്ടിടം നിര്‍മ്മിക്കാനുള്ള തീരുമാനം എടുത്തത് വിദേശികളാണ് എന്നത് സത്യമാണ് എന്നാല്‍ ഈ കെട്ടിടത്തിനായി നഷ്ടപ്പെടുത്തിയ വിയര്‍പ്പും വിനിയോഗിച്ച പണവും അധ്വാനം എന്റെ രാജ്യത്തെ ജനങ്ങളുടേതാണെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും.
നമ്മള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുകയാണ്. പക്ഷേ പഴയ പാര്‍ലമെന്റ് മന്ദിരം വരുന്ന തലമുറയെയും പ്രചോദിപ്പിച്ച് നിലനില്‍ക്കും.