അമ്പലപ്പുഴ ▪️ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ കുടുംബക്ഷേമ രംഗത്ത് കേരളം മുന്‍പന്തിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം വളരെ കാലമായി ആവശ്യപെടുന്ന എയിംസ് കോഴിക്കോട്ട് തുടങ്ങുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
നാടിനായി തുറന്ന് കൊടുത്ത മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് ആവശ്യമായ ഡോക്ടര്‍മാരേയും ജീവനക്കാരേയും ഉടന്‍ നിയമിയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2012ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ആലപുഴ എം പി കെ.സി വേണുഗോപാലിന്റെ ശുപാര്‍ശയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്വസ്ത് യോജന പദ്ധതിയിലുള്‍പെടുത്തിയാണ് 173.18 കോടി രൂപ ചിലവില്‍ മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന് അനുമതി നല്‍കിയത്.
യോഗത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് കാലഘട്ടങ്ങളില്‍ ഇന്‍ഡ്യയിലാകമാനം ആരോഗ്യ മേഖലയിലുണ്ടായ ഉണര്‍വ്വ് വിജയകരമായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.
സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, മന്ത്രി സജി ചെറിയാന്‍, എം.എം ആരിഫ് എം പി, എംഎല്‍എമാര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അതേ സമയം മെഡിക്കല്‍ കോളജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ബ്ലോക്ക് കെട്ടിടം വണ്ടാനം മെഡിക്കല്‍ കോളജിന് അനുവദിപ്പിച്ച് നടപ്പിലാക്കിയ കെ.സി വേണുഗോപാല്‍ എംപിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ആലപുഴ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തില്‍ മെഡിക്കല്‍ കോളജ് ജംഗ്ഷന് മുന്നില്‍ സത്യാഗ്രഹവും പ്രതിഷേധ സമരവും സംഘടിപ്പിച്ചു.
മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ വണ്ടാനം സൂപ്പര്‍ സെപെഷലിറ്റിയുടെ പുതിയ ബ്ലോക്ക് കെട്ടിടം ആലപ്പുഴ ഡി.സി സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ് പ്രതികാത്മകമായി ഉദ്ഘാടനം ചെയ്തു.