
ആലപ്പുഴ▪️ കേരള സര്‍ക്കാരിന്റെ നവകേരള കര്‍മ്മ മിഷനുകളില്‍ ഒന്നായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യ കിരണം മിഷന്‍ ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.കെ.പ്രസന്നന്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കും.
1998ല്‍ ഗവ.ഹൈസ്‌കൂള്‍ പുലിയൂരില്‍ നിന്നും ആരംഭിച്ച അധ്യാപന ജീവിതം, ഗവ.അവിട്ടം തിരുന്നാള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മങ്കൊമ്പ് (ഒരു വര്‍ഷം), അങ്ങാടിക്കല്‍ തെക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 18 വര്‍ഷം ഹൈസ്‌കൂള്‍ അധ്യാപകനായിയിരിക്കെയാണ് 2018 ജൂലായ് 2 മുതല്‍ ആലപ്പുഴ ജില്ലയുടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്ററായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
ജില്ലയിലെ പൊതു വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ വികസനത്തിന് മികവാര്‍ന്ന നേതൃത്വം നല്‍കാന്‍ കഴിഞ്ഞുവെന്നുള്ള ചാരിതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്.
ജില്ലയില്‍ ഇന്നുവരെ 104 പുതിയ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കി. കൊവിഡ് സമയത്ത് കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ കൗണ്‍സിലിംഗ് ക്ലാസുകള്‍, കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകളില്‍ പ്രത്യേക പദ്ധതി, പൊതു വിദ്യാലയങ്ങളുടെ മികവുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി പഠനോത്സവം, കുട്ടികള്‍ പ്രതിഭകളെ തേടി എന്നീ പരിപാടികള്‍ക്ക് ക്രിയാത്മകമായ നേതൃത്വം നല്‍കി.
വിദ്യാഭ്യാസ വകുപ്പിന്റെ ഇഡിസിസി, ഒഎസ്എസ് അംഗമായും, കെ.എസ്.ടി.എ.യുടെ സബ് ജില്ലാ ജില്ലാ ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഹിന്ദി ഭാഷയുടെ ജില്ലാ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായും, പാഠപുസ്തക സമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മിനിയാണ് ഭാര്യ. മക്കള്‍: അര്‍ജുന്‍ .പി, അരവിന്ദ് പി.